Kerala News

ന്യൂനതകളുള്ള മുറി വാടകക്ക് നൽകി,ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് എതിരെ വിധി: പരാതിക്കാരന് 20000 രൂപ നൽകണം

ന്യൂനതകളുള്ള മുറി വാടകക്ക് നൽകി എന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. കോഴിക്കോടുള്ള അഡ്വ.പി. ചാത്തുക്കുട്ടി ഫയൽ ചെയ്ത ഹർജിയിലാണ് ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർക്കെതിരെ വിധിയായത്.

ചാത്തുക്കുട്ടി 600 രൂപ വാടക നൽകി ഗുരുവായൂരിലുള്ള പാഞ്ചജന്യം ടൂറിസ്റ്റ് ഹോമിൽ മുറിയെടുത്ത്. ഭാര്യയും മകളും ഒപ്പമുണ്ടായിരുന്നു. മുറി തുറന്ന് കണ്ടപ്പോൾ താമസിക്കുവാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. ടോയ്ലറ്റിലുണ്ടായിരുന്ന യൂറോപ്യൻ ക്ളോസറ്റിന് സീറ്റ് കവർ ഉണ്ടായിരുന്നില്ല. പരാതിപ്പെട്ടപ്പോൾ മറ്റൊരു മുറി അനുവദിച്ചു നൽകി. ഈ മുറിയിലും താമസിക്കുവാൻ ഏറെ അസൗകര്യമുണ്ടായിരുന്നു. കുളിമുറി അടച്ച് കുറ്റിയിടുവാൻ കഴിയാത്ത അവസ്ഥയായിരുന്നു. വസ്ത്രങ്ങൾ തൂക്കിയിടുവാനുള്ള ഹാംഗറുകളുണ്ടായിരുന്നില്ല. ഇതര ന്യൂനതകളും ഉണ്ടായിരുന്നു. പരാതിപ്പെട്ടിട്ടും നിവൃത്തി ഉണ്ടായില്ല. സ്വകാര്യ ലോഡ്ജുകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് എതിർകക്ഷി സ്ഥാപനത്തിലെ മുറികൾ സൗകര്യപ്രദമായ താമസത്തിന് അനുയോജ്യമല്ലാത്ത അവസ്ഥയിലാക്കി നിലനിർത്തുന്നതെന്ന് ചാത്തുക്കുട്ടി ഹർജിയിൽ ആരോപിച്ചു.

ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി. സാബു, മെമ്പർമാരായ ശ്രീജ. എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി എതിർകക്ഷിയുടെ സേവനത്തിലെ വീഴ്ച വിലയിരുത്തി ഹർജിക്കാരന് നഷ്ടപരിഹാരമായി 15000 രൂപയും ചിലവിലേക്ക് 5000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി. ബെന്നി ഹാജരായി വാദം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *