
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉദം സിങ് നഗർ ജില്ലയിലെ കിച്ച പ്രദേശത്ത് ഗോഡൗണിൽ നിന്ന് 15,650 ലിറ്റർ നിയന്ത്രിത രാസവസ്തുക്കൾ സംയുക്ത പരിശോധനയിൽ പിടിച്ചെടുത്തു.
ഉത്തരാഖണ്ഡ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്), സംസ്ഥാന പൊലീസ്, എക്സൈസ് വകുപ്പ് എന്നിവരുടെ സംയുക്തമായ ഇടപെടലിനെ തുടർന്നാണ് ലാൽപൂർ പ്രദേശത്തെ ഗോഡൗണിൽ നിന്ന് 108 ഡ്രമ്മുകളിലായി സൂക്ഷിച്ചിരുന്ന എഥനോൾ, ഗ്ലൂക്കോസ്, മരുന്നുകളും ചുമ സിറപ്പുകളും നിർമ്മിക്കാൻ ഉപയോഗിക്കുന്ന സോർബിറ്റോൾ എന്നിവ കണ്ടെത്തിയത്.
ഗോഡൗണിൽ നിന്ന് 108 ഡ്രമ്മുകളിൽ രാസവസ്തുക്കളും 78 ഒഴിഞ്ഞ ഡ്രമ്മുകളും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. പിടിച്ചെടുത്ത രാസവസ്തുക്കളുടെ ഉറവിടവും ഉപയോഗ ലക്ഷ്യവും സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.



