India News

ആദായനികുതി വെട്ടിപ്പ് കേസ്: നടൻ വിജയിന് 1.5 കോടി രൂപ പിഴ; ഹർജി തള്ളി മദ്രാസ് ഹൈക്കോടതി

ചെന്നൈ: നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയിന് ആദായനികുതി വകുപ്പ് ചുമത്തിയ 1.5 കോടി രൂപ പിഴ മദ്രാസ് ഹൈക്കോടതി ശരിവെച്ചു. പിഴ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിജയ് സമർപ്പിച്ച ഹർജി കോടതി തള്ളിയതോടെ നടന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. 2015–16 സാമ്പത്തിക വർഷത്തിൽ 15 കോടി രൂപയുടെ അധിക വരുമാനം മറച്ചുവെച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ആദായനികുതി വകുപ്പ് നടപടി സ്വീകരിച്ചത്. 2015ൽ പുറത്തിറങ്ങിയ ‘പുലി’ സിനിമയുടെ പ്രതിഫലവുമായി ബന്ധപ്പെട്ട വരുമാനമാണ് റിട്ടേണിൽ കൃത്യമായി പ്രഖ്യാപിക്കാത്തതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

അന്നത്തെ പരിശോധനകളുടെയും റെയ്ഡിന്റെയും സമയത്ത് വിജയിന്റെ വീടിലും ഓഫീസിലും നിന്ന് അനധികൃത വരുമാനവുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെത്തിയിരുന്നു. തുടർന്ന് ഐടി ആക്ട് സെക്ഷൻ 271AAB പ്രകാരം 1.5 കോടി രൂപ പിഴ ചുമത്തുകയായിരുന്നു. ഈ നടപടി നിയമവിരുദ്ധമാണെന്നും പിഴ ഈടാക്കാനുള്ള സമയപരിധി കഴിഞ്ഞുവെന്നും ചൂണ്ടിക്കാട്ടിയാണ് വിജയ് കോടതിയെ സമീപിച്ചത്. എന്നാൽ പരിശോധനയ്ക്ക് ശേഷമാണ് വരുമാനം വെളിപ്പെടുത്തിയതെന്നും പിഴ ചുമത്തിയതിൽ വീഴ്ചയില്ലെന്നും കോടതി നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *