ഗുവാഹത്തി: അസമിലെ പ്രളയസ്ഥിതി തിങ്കളാഴ്ചയും ഗുരുതരമായി തുടരുന്നു. രണ്ട് പേർ കൂടി മരിച്ചതോടെ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 100 ആയി. സംസ്ഥാനത്തെ ഏഴ് ജില്ലകളിലായി ഏകദേശം 1.4 ലക്ഷം പേരെയാണ് പ്രളയം ബാധിച്ചിരിക്കുന്നതെന്ന് എന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
നിരവധി നദികൾ അപകടസ്ഥിതിയിലാണ്. നദികൾ കരകവിഞ്ഞൊഴുകുന്നതിനാൽ കൂടുതൽ പ്രദേശങ്ങളിലേക്ക് പ്രളയം വ്യാപിക്കാനുള്ള സാധ്യതയുണ്ടെന്ന് അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെൻ്റ് അതോറിറ്റി (ASDMA) ഉദ്യോഗസ്ഥൻ അറിയിച്ചു.
ഞായറാഴ്ച രാത്രി പുറത്തിറക്കിയ ASDMAയുടെ പ്രതിദിന പ്രളയബുള്ളറ്റിൻ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ ഗോലാഘട്ട്, കർബി ആംഗ്ലോങ് ജില്ലകളിൽ ഒരാൾ വീതം പ്രളയത്തിൽ മരിച്ചു.
നദികളിലെ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് പ്രളയം വ്യാപിക്കാതിരിക്കാനുള്ള നടപടികൾ അധികൃതർ ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ പ്രളയസ്ഥിതി അധികൃതർ നിരീക്ഷിച്ചുവരികയാണ്.





