തൃശൂർ: ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് ശാഖയിൽ നടന്ന 15 ലക്ഷം രൂപയുടെ കവർച്ചക്കേസിൽ അറസ്റ്റിലായ റിജോ ആന്റണിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. അന്വേഷണത്തിനായി 5 ദിവസം ആവശ്യപ്പെട്ടെങ്കിലും 2 ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. ഫെബ്രുവരി 20ന് രാവിലെ 10 മണിക്ക് പ്രതിയെ വീണ്ടും കോടതിയിൽ ഹാജരാക്കണമെന്ന് ഉത്തരവിട്ടു. കഴിഞ്ഞ ദിവസം പോട്ടയിലെ ഫെഡറൽ ബാങ്കിലാണ് കവർച്ച നടന്നത്. 15ലക്ഷം രൂപയുമായി കടന്നുകളഞ്ഞ പ്രതിയെയാണ് പിടികൂടിയത്. ഒറ്റയ്ക്ക് സ്‌കൂട്ടറോടിച്ചെത്തി ബാങ്ക് ശാഖയിലെ ജീവനക്കാരെ കത്തിമുനയിൽ ബന്ദിയാക്കി നിർത്തിയാണ് പ്രതി കവർച്ച നടത്തിയത്. ഹെൽമറ്റും മുഖംമൂടിയും ജാക്കറ്റും ധരിച്ചെത്തി കാഷ് കൗണ്ടർ തകർത്താണ് പ്രതി 15 ലക്ഷം രൂപ തട്ടിയെടുത്തത്. മൂന്ന് മിനിറ്റിൽ കവർച്ച നടത്തിയ പ്രതി സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു.
ഞായറാഴ്ച രാത്രി വീട്ടിൽ നിന്നാണ് പ്രതിയെ പ്രത്യേക അന്വേഷക സംഘം പിടികൂടിയത്. ഇയാൾ കൊള്ളയടിച്ച 15ലക്ഷം രൂപയിൽ 10 ലക്ഷവും കണ്ടെടുത്തു. കുറ്റം സമ്മതിച്ച പ്രതി കടം വീട്ടാനാണ് കൊള്ളയടിച്ചതെന്നാണ് മൊഴി നൽകിയത്. ആഡംബര ജീവിതമാണ് മോഷണത്തിലേക്ക് പ്രതിയെ നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. മോഷണം നടത്താൻ പ്രതി ഉപയോഗിച്ച സ്‌കൂട്ടറും വ്യാജ നമ്പർ പ്ലേറ്റ് വെക്കാൻ ഉപയോഗിച്ച വസ്‌തുക്കളും വീട്ടിൽ നിന്ന് കണ്ടെത്തി.





