തിരുവനന്തപുരം: മണിയൻപിള്ള രാജുവിന്റെ കാറും രണ്ട് യുവാക്കൾ സഞ്ചരിച്ച ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ദൃശ്യങ്ങളിൽ, നടന്റെ കാർ ഇൻഡിക്കേറ്റർ ഇട്ട് വേഗം കുറച്ച് റോഡിലേക്ക് തിരിയുമ്പോൾ അതിവേഗതയിൽ എത്തിയ ബൈക്ക് കാറിൽ ഇടിച്ച് തെറിച്ചു വീഴുന്നതാണ് കാണുന്നത്. എന്നാൽ, മണിയൻപിള്ള രാജു ബൈക്കിനെ ഇടിച്ചുതെറിപ്പിച്ച് വാഹനം നിർത്താതെ പോയെന്നാണ് പരിക്കേറ്റ യുവാക്കളുടെ മൊഴി. അപകടത്തിൽ ബൈക്ക് യാത്രികർക്ക് ഗുരുതര പരിക്കേറ്റിരുന്നു.
അപകടത്തിന് ശേഷം വാഹനം നിർത്താതെ പോയെന്ന കേസിൽ മണിയൻപിള്ള രാജുവിനെ വ്യാഴാഴ്ച രാവിലെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടു. താനാണ് കാർ ഓടിച്ചിരുന്നതെന്നും ബൈക്കാണ് തന്റെ കാറിൽ വന്നിടിച്ചതെന്നുമാണ് നടന്റെ വിശദീകരണം. സിസിടിവി ദൃശ്യങ്ങളിൽ ഇത് വ്യക്തമായുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭയന്നതിനാലാണ് കാർ നിർത്താതെ പോയതെന്നും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും മണിയൻപിള്ള രാജു വ്യക്തമാക്കി. അപകടത്തിന് ശേഷം പോലീസിനെ വിളിച്ച് രാവിലെ സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.





