ശ്രീനഗർ: ഭരണഘടനയിലെ ആർട്ടിക്കിൾ 370നെ പിന്തുണയ്ക്കുന്നതിനാൽ താൻ ‘ദിമാഗി നക്സൽ’ ആണെന്ന് മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്തി.
“ഞാൻ ആർട്ടിക്കിൾ 370നെ പിന്തുണയ്ക്കുന്നു. ഞാൻ ദിമാഗി നക്സലാണ്,” മെഹബൂബ മുഫ്തി എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
കേന്ദ്ര പാർലമെൻ്ററികാര്യ മന്ത്രി കിരൺ റിജിജുവിൻ്റെ എക്സ് പോസ്റ്റിനോടുള്ള പ്രതികരണമായാണ് മെഹബൂബ മുഫ്തിയുടെ പരാമർശം. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷ നേതാക്കളെ ‘ദിമാഗി നക്സൽ’ എന്ന് വിളിച്ചിട്ടില്ലെന്നായിരുന്നു റിജിജുവിൻ്റെ പ്രതികരണം.
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചർച്ചകൾക്കിടെയാണ് മെഹബൂബ മുഫ്തിയുടെ പുതിയ പരാമർശം.





