India News Politics

‘ദിമാഗി നക്സൽ ആണെന്നതിൽ അഭിമാനം’: പി. ചിദംബരം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ദിമാഗി നക്സൽ’ പരാമർശത്തിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി. ചിദംബരം രംഗത്ത്. “ഞാൻ ദിമാഗി നക്സൽ ആണെന്നതിൽ അഭിമാനിക്കുന്നു” എന്നായിരുന്നു ചിദംബരത്തിൻ്റെ പ്രതികരണം.

80-ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി മോദി ‘ദിമാഗി നക്സലുകളെ’ കുറിച്ച് മുന്നറിയിപ്പ് നൽകിയത്. വ്യവസ്ഥിതിക്കുള്ളിൽ ഇവർ വേരുറപ്പിച്ചിട്ടുണ്ടെന്നും നയങ്ങളെ സ്വാധീനിച്ച് സമൂഹത്തിന് ഭീഷണിയുയർത്തുന്നുണ്ടെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ ആരോപണം. ഇവരെ ‘തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താൻ’ പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തു.

ചെങ്കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിൽ, രാജ്യത്തിന് വനമേഖലകളിൽ നിന്നുള്ള സായുധ നക്സലിസത്തെ ഇല്ലാതാക്കുന്നതിൽ വിജയിക്കാനായെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ നക്സലിസത്തിൻ്റെ ആശയപരമായ പിന്തുണക്കാർ അക്രമവും അരാജകത്വവും പ്രോത്സാഹിപ്പിക്കാൻ അവസരങ്ങൾ തേടുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

‘ദിമാഗി നക്സൽ’ എന്ന പ്രയോഗത്തെച്ചൊല്ലി പ്രതിപക്ഷ നേതാക്കൾ വിമർശനം ശക്തമാക്കിയ സാഹചര്യത്തിലാണ് ചിദംബരത്തിൻ്റെ പ്രതികരണം. സർക്കാർ നടപടികളെ ചോദ്യം ചെയ്യുന്നവരെയും വിയോജിക്കുന്നവരെയും ലക്ഷ്യമിട്ടുള്ള പരാമർശമാണിതെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *