സുധീഷ് കേശവപുരി, സെക്രട്ടറി, SNDP യോഗം കോഴിക്കോട് യൂണിയൻ

സാമൂഹ്യമാധ്യമങ്ങളിൽ ഹിന്ദു സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽപ്പെട്ടവർ നടത്തുന്ന ഋതുമതി ചടങ്ങുകളുടെ ചിത്രങ്ങൾ കാണാനിടയായി. ആചാരങ്ങളുടെയും ആഘോഷങ്ങളുടെയും പേരിൽ ഇത്തരം ചടങ്ങുകൾ വീണ്ടും സമൂഹത്തിൽ വ്യാപകമാകുന്നത് ഏറെ ആശങ്കയോടെയാണ് കാണുന്നത്.
ശ്രീനാരായണ ഗുരുദേവൻ സമൂഹത്തിൽ നിന്ന് അകറ്റിനിർത്താൻ ആഹ്വാനം ചെയ്ത അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും യാതൊരു മടിയുമില്ലാതെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ എത്ര ന്യായീകരണങ്ങൾ പറഞ്ഞാലും അംഗീകരിക്കാനാവില്ല. കാലത്തിനനുസരിച്ച് മാറേണ്ട സമൂഹം പിന്നോട്ടു നടക്കുന്നത് പുരോഗതിയുടെ ലക്ഷണമല്ല.
ഒരു പെൺകുട്ടിയുടെ ശരീരത്തിൽ സ്വാഭാവികമായി സംഭവിക്കുന്ന ഒരു ജൈവിക മാറ്റം മാത്രമാണ് ഋതുമതിയാകുക എന്നത്. അതിനെ നാട്ടുകാരെയും ബന്ധുക്കളെയും വിളിച്ചറിയിച്ച് പരസ്യമായ ആഘോഷമാക്കുന്നതും, പെൺകുട്ടിയുടെ സ്വകാര്യതയെ സമൂഹമധ്യത്തിൽ പ്രദർശിപ്പിക്കുന്നതും, അവൾക്ക് നാണക്കേടും മാനസിക അസ്വസ്ഥതയും ഉണ്ടാക്കുന്നതുമായ രീതികൾ പിന്തുടരുന്നതും കാലഹരണപ്പെട്ട ചിന്താഗതിയാണ്.
ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ സ്വാഭാവികമായ ജൈവിക മാറ്റത്തെ അവളുടെ സമ്മതമില്ലാതെ പൊതുചടങ്ങാക്കി മാറ്റേണ്ടതുണ്ടോ? ആഘോഷിക്കാനും ബന്ധുക്കളെ വിളിച്ചുവരുത്താനും സദ്യ നൽകാനും പൊങ്ങച്ചം കാണിക്കാനും ഇതല്ലാതെ എത്രയോ അവസരങ്ങൾ നമ്മുടെ മുന്നിലുണ്ട്. ഒരു പെൺകുട്ടിയുടെ സ്വകാര്യതയും ആത്മാഭിമാനവും സംരക്ഷിക്കപ്പെടുന്നതാണ് ഏറ്റവും വലിയ ആഘോഷം.
ആചാരങ്ങൾ മനുഷ്യനുവേണ്ടിയുള്ളതാണ്; മനുഷ്യൻ ആചാരങ്ങൾക്കുവേണ്ടിയല്ല. കാലത്തിനും സമൂഹത്തിൻ്റെ പുരോഗതിക്കും വിരുദ്ധമായ ആചാരങ്ങളെ വെറും പാരമ്പര്യത്തിൻ്റെ പേരിൽ സംരക്ഷിക്കേണ്ട ബാധ്യത ആർക്കുമില്ല.
ശ്രീനാരായണ ഗുരുദേവൻ്റെ സന്ദേശം സാമൂഹിക നവോത്ഥാനത്തിൻ്റെയും യുക്തിചിന്തയുടെയും മനുഷ്യാഭിമാനത്തിൻ്റെയും വഴിയിലേക്കാണ് നമ്മെ നയിക്കുന്നത്. ആ സന്ദേശം മറന്ന് അനാചാരങ്ങളെ പുനരുജ്ജീവിപ്പിക്കുന്നത് ഗുരുദേവൻ്റെ ആശയങ്ങളോടുള്ള നീതികേടാണ്.
ഹിന്ദു ഉണരുമ്പോൾ അനാചാരങ്ങളും വളരുന്ന സാഹചര്യം ഉണ്ടാകരുത്.
സാമൂഹിക പരിഷ്കരണത്തിൻ്റെ വക്താക്കളെന്ന് അവകാശപ്പെടുന്ന ഹിന്ദു സംഘടനകൾ ഇത്തരം വിഷയങ്ങളിൽ പുലർത്തുന്ന മൗനം അപകടകരമാണ്. സമൂഹത്തിൽ അന്ധമായി പാരമ്പര്യങ്ങളെ പിന്തുടരുന്നതിനുപകരം, കാലോചിതമായ ചിന്തയും മനുഷ്യാഭിമാനവും ഉയർത്തിപ്പിടിക്കേണ്ട സമയമാണിത്.
ആചാരങ്ങളെ സംരക്ഷിക്കാം; പക്ഷേ അനാചാരങ്ങളെ അല്ല.
പാരമ്പര്യത്തെ മാനിക്കാം; പക്ഷേ മനുഷ്യന്റെ ആത്മാഭിമാനം പണയം വെച്ചുകൊണ്ടല്ല. ശ്രീനാരായണ ഗുരുദേവൻ്റെ നവോത്ഥാന സന്ദേശം മുന്നോട്ടുകൊണ്ടുപോകാം —പിന്നോട്ടല്ല, മുന്നോട്ടാണ് നമ്മുടെ യാത്ര.




