ഷിംല: കനത്ത മഴയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ചരിത്ര പ്രസിദ്ധമായ നാരോ ഗേജ് റെയിൽപാതയിലൂടെയുള്ള പത്ത് ട്രെയിനുകൾ റദ്ദാക്കി. റെയിൽപാതയുടെ അടിത്തറയിലെ മണ്ണ് ഒലിച്ചുപോയതിനെ തുടർന്നാണ് ട്രെയിനുകൾ റദ്ദാക്കിയത്. ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിലാണ് സംഭവം നടന്നതെന്ന് അധികൃതർ അറിയിച്ചു.
കോട്ടി, ഗുമ്മൻ റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ പാതയിൽ മണ്ണൊലിപ്പിനെ തുടർന്ന് അപകടാവസ്ഥ രൂപപ്പെടുകയായിരുന്നു. തുടർച്ചയായ മഴയിൽ പാളത്തിനടിയിലെ മണ്ണ് ഒലിച്ചുപോയതോടെ റെയിൽപാതയുടെ ഒരു ഭാഗത്തിൻ്റെ അടിത്തറ ദുർബലമായിട്ടുണ്ട്. അടിത്തറയുടെ ഘടന പുറത്തേക്ക് തള്ളിനിൽക്കുന്ന സ്ഥിതിയിലാണിപ്പോൾ ഉള്ളത്.
ശനിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. ഇതേ തുടർന്ന് ജനപ്രിയമായ ‘ടോയ് ട്രെയിൻ’ സർവീസ് താൽക്കാലികമായി നിർത്തിവെച്ചു. സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായാണ് ട്രെയിൻ സർവ്വീസ് നിർത്തിവെച്ചത്.
മനോഹരമായ മലനിരകളിലൂടെ കടന്നുപോകുന്ന ഷിംല–കൽക്ക റെയിൽപാത യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.




