Culture India Kerala News

ഭക്തിസാന്ദ്രമായി അയ്യന്തോൾ ഗണേശോത്സവത്തിന് സമാപനം

വിഗ്രഹ നിമഞ്ജന ഘോഷയാത്രയിൽ നൂറുകണക്കിന് ഭക്തജനങ്ങളുടെ പങ്കാളിത്തം. അയ്യന്തോൾ ഗണേശോത്സവ സമിതിയുടെ നേതൃത്വത്തിൽ മൂന്ന് ദിവസങ്ങളിലായി ഭക്തിനിർഭരമായി നടന്നുവന്ന ഗണേശോത്സവത്തിന് വിഗ്രഹ നിമഞ്ജനത്തോടെ ഭക്തിസാന്ദ്രമായ സമാപനം. ശ്രീഗണപതിയുടെ അനുഗ്രഹം തേടി നടന്ന വിവിധ ആചാരാനുഷ്ഠാനങ്ങൾക്കും പൂജകൾക്കും ശേഷം ഗണേശ വിഗ്രഹങ്ങളുടെ നിമഞ്ജന ഘോഷയാത്ര ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു.

അയ്യന്തോൾ കാർത്യായനി ക്ഷേത്രം, തേഞ്ഞിത്ത് കാവ് ഭഗവതി ക്ഷേത്രം, തൃക്കുമാരപുരം അമൃതാനന്ദമയി മഠം എന്നിവിടങ്ങളിൽ നിന്ന് ആരംഭിച്ച വിഗ്രഹ നിമഞ്ജന ഘോഷയാത്രകൾ അയ്യന്തോൾ ഗ്രൗണ്ടിൽ സംഗമിച്ചു.

തുടർന്ന് ഒരുമിച്ച് നീങ്ങിയ ശോഭയാത്ര കുറിഞ്ഞാക്കൽ ബണ്ട് കടവിൽ എത്തി ഗണേശ വിഗ്രഹങ്ങൾ ഭക്തിപൂർവ്വം നിമഞ്ജനം ചെയ്തു.

വിവിധ വാദ്യഘോഷങ്ങളും ഗണപതി നാമജപങ്ങളും ശോഭായാത്രയ്ക്ക് ആത്മീയ മിഴിവേകി. നൂറുകണക്കിന് അമ്മമാരും കുട്ടികളും യുവാക്കളും ഉൾപ്പെടെയുള്ള ഭക്തജനങ്ങൾ ഘോഷയാത്രയിൽ അണിനിരന്നു. ‘ഗണപതി ബപ്പാ മോരിയ’ എന്ന നാമജപങ്ങളാൽ അന്തരീക്ഷം മുഖരിതമായി.

കുറിഞ്ഞാക്കൽ ബണ്ട് കടവിൽ നടന്ന നിമഞ്ജന ചടങ്ങിൽ മഹാദീപാരാധനയും നടന്നു. ഭക്തിനിർഭരമായ പ്രാർത്ഥനകളോടെയും ഗണപതി ഭഗവാന്റെ അനുഗ്രഹം തേടിയുമാണ് ചടങ്ങുകൾക്ക് സമാപനം കുറിച്ചത്.

ഗണേശോത്സവ സമിതി ഭാരവാഹികളായ ദിനേഷ് കുമാർ കരിപ്പേരിൽ, ഗോപകുമാർ മഠത്തിൽ, സുരേഷ് പുതൂർ, കൃഷ്ണദാസ്, പ്രവീൺ, വിനോദ് മേനോൻ, ശ്രീകുമാർ മരുതൂർ, മുരളീനാഥ്, രഞ്ജിത്ത് ഷേണായി, ആകാശ് സുരേന്ദ്രൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

വിഘ്നങ്ങൾ അകറ്റി ഐശ്വര്യവും സമാധാനവും സമൃദ്ധിയും പ്രദാനം ചെയ്യുന്ന ഗണപതി ഭഗവാന്റെ അനുഗ്രഹം എല്ലാവരിലും ചൊരിയണമെന്ന പ്രാർത്ഥനയോടെയാണ് അയ്യന്തോൾ ഗണേശോത്സവത്തിന് സമാപനം കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *