Health India Kerala Medical News Politics Program

വയോജനങ്ങളുടെ പരിചരണവും സംരക്ഷണവും; നിയമം കൊണ്ടുവരാനൊരുങ്ങി കേരളം

സംസ്ഥാനത്തെ വയോജനങ്ങളുടെ പരിചരണം, ക്ഷേമം, അന്തസ്സ്, അവകാശ സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതിനായി തയ്യാറാക്കുന്ന കേരള സംസ്ഥാന വയോജന (പരിചരണവും അവകാശ സംരക്ഷണവും) ബിൽ, 2026 സംബന്ധിച്ച് മുഖ്യമന്ത്രി അവലോകന യോഗം നടത്തി. ബില്ലിന്റെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനും നിയമനിർമാണവുമായി സംസ്ഥാന സർക്കാർ ഉടൻ മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തിന്റെ മാറിവരുന്ന ജനസംഖ്യാ ഘടന കണക്കിലെടുത്ത് വയോജന സൗഹൃദമായ സമഗ്ര സംവിധാനം രൂപപ്പെടുത്തുകയാണ് നിയമത്തിന്റെ ലക്ഷ്യം. ആരോഗ്യകരവും സജീവവുമായ വാർധക്യം പ്രോത്സാഹിപ്പിക്കുക, കഴിയുന്നത്ര സ്വന്തം വീടുകളിലും കുടുംബ-സാമൂഹിക അന്തരീക്ഷത്തിലും തുടരാൻ വയോജനങ്ങൾക്ക് സാഹചര്യമൊരുക്കുക, ആവശ്യമായ ഘട്ടങ്ങളിൽ സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ പരിചരണം ഉറപ്പാക്കുക എന്നിവയ്ക്ക് ബിൽ പ്രാധാന്യം നൽകുന്നു. വയോജന പരിചരണ കേന്ദ്രങ്ങൾ, അസിസ്റ്റഡ് ലിവിങ് സൗകര്യങ്ങൾ, പകൽവീടുകൾ, ഹോം കെയർ ഏജൻസികൾ തുടങ്ങിയ സേവനങ്ങൾക്ക് ആവശ്യമായ നിലവാരവും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനുള്ള സംവിധാനവും ബില്ലിൽ വിഭാവനം ചെയ്യുന്നു,

കെയർഗീവിങ് മേഖലയെ പ്രൊഫഷണൽ സംവിധാനമായി വികസിപ്പിക്കുക എന്നത് ബില്ലിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഇതിനായി കേരള ജെറിയാട്രിക് കെയർ സർട്ടിഫിക്കേഷൻ ഫ്രെയിംവർക്ക് രൂപീകരിക്കാനും, കെയർ ഗീവർമാർക്ക് പരിശീലനം, സർട്ടിഫിക്കേഷൻ, പശ്ചാത്തല പരിശോധന എന്നിവ ഉറപ്പാക്കി പരിശീലനം നേടിയ കെയർഗീവർമാരുടെ സംസ്ഥാനതല രജിസ്റ്റർ തയ്യാറാക്കാനും നിർദ്ദേശമുണ്ട്. ഇതിലൂടെ വയോജന പരിചരണത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനൊപ്പം നൈപുണ്യമുള്ള കെയർ ഗീവിങ് തൊഴിലാളികളെ സൃഷ്ടിക്കാനും പുതിയ തൊഴിലവസരങ്ങൾ ഒരുക്കാനും കഴിയും.

വയോജനങ്ങളുടെ വർധിച്ചുവരുന്ന ആവശ്യങ്ങളെ പുതിയ സാമ്പത്തിക-തൊഴിൽ അവസരങ്ങളുമായി ബന്ധിപ്പിക്കുന്ന ‘സിൽവർ ഇക്കോണമി’ വികസിപ്പിക്കുന്നതിനും സർക്കാർ പ്രാധാന്യം നൽകും. ഗുണനിലവാരമുള്ള പരിചരണ സേവനങ്ങൾ, സാങ്കേതികവിദ്യ, ആരോഗ്യപരിചരണം, അസിസ്റ്റഡ് ലിവിങ്, ഹോം കെയർ, വയോജന സൗഹൃദ ഉൽപ്പന്നങ്ങൾ, മറ്റ് നവീന സേവനങ്ങൾ എന്നിവ പ്രോത്സാഹിപ്പിച്ച് സേവനം, നൈപുണ്യം, സംരംഭകത്വം, തൊഴിൽ എന്നിവ ഉൾപ്പെടുന്ന സുസ്ഥിരമായ ഒരു വയോജന പരിചരണ മേഖല വികസിപ്പിക്കുകയാണ് ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *