ന്യൂഡൽഹി: ബെംഗളൂരുവിനും മുംബൈയ്ക്കുമിടയിലെ റെയിൽ ഗതാഗത ബന്ധം ശക്തിപ്പെടുത്തുന്നതിൽ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ നിർണായകമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യാത്ര കൂടുതൽ സൗകര്യപ്രദമാക്കുന്നതിനൊപ്പം അന്തർസംസ്ഥാന റെയിൽ കണക്റ്റിവിറ്റിയും മെച്ചപ്പെടുത്താൻ പുതിയ സർവീസ് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കർണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് ട്രെയിൻ പ്രയോജനപ്പെടുമെന്നും പ്രത്യേകിച്ച് യുവാക്കൾ, ഐടി മേഖലയിലെ ജീവനക്കാർ, വിദ്യാർഥികൾ എന്നിവർക്ക് ഏറെ സഹായകരമാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
സാങ്കേതികവിദ്യയുടെയും നൂതന ആശയങ്ങളുടെയും കേന്ദ്രമായ ബെംഗളൂരുവിൽനിന്ന് മികച്ച റെയിൽ കണക്റ്റിവിറ്റിയിലേക്കുള്ള മറ്റൊരു ചുവടുവെപ്പാണിതെന്ന് എക്സിലെ കുറിപ്പിൽ മോദി പറഞ്ഞു. ബെംഗളൂരു–മുംബൈ യാത്രാ സൗകര്യത്തിൽ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ വലിയ മാറ്റമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




