കൽപ്പറ്റ: മുണ്ടക്കൈ–ചൂരൽമല മഹാദുരന്തത്തെ അതിജീവിച്ച കുടുംബങ്ങൾക്ക് സുരക്ഷിതമായ പുതുജീവിതം നൽകുന്ന വയനാട് മാതൃകാ പുനരധിവാസ ടൗൺഷിപ്പിന്റെ ആദ്യഘട്ടം നാളെ ജനങ്ങൾക്ക് സമർപ്പിക്കും. എൽസ്റ്റൺ എസ്റ്റേറ്റിൽ വൈകിട്ട് 3.30ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. റവന്യൂ മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും. ആകെ 410 വീടുകൾ ഉൾപ്പെടുത്തി രൂപകൽപ്പന ചെയ്ത പദ്ധതിയുടെ ആദ്യഘട്ടത്തിൽ 178 വീടുകളാണ് പൂർത്തിയായത്. ദുരന്തത്തിൽ വീട് പൂർണമായി നഷ്ടമായ കുടുംബങ്ങൾക്കാണ് മുൻഗണന. 1000 ചതുരശ്ര അടിയിൽ നിർമ്മിച്ച വീടുകൾ ഭാവിയിൽ ഇരുനിലയാക്കാനാകുന്ന രീതിയിലാണ് സജ്ജമാക്കിയിരിക്കുന്നത്.
വീടുകൾക്ക് പുറമെ ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്മ്യൂണിറ്റി സെന്റർ, കളിസ്ഥലം തുടങ്ങിയ സമഗ്ര സൗകര്യങ്ങളും ടൗൺഷിപ്പിന്റെ ഭാഗമാകും. 1662 ലധികം ആളുകൾക്ക് തണലൊരുക്കുന്ന ഈ പദ്ധതി ദുരന്തബാധിതരുടെ കണ്ണീരിൽ നിന്ന് ഉയർന്ന പ്രതീക്ഷയുടെ പ്രതീകമാണ്. കൽപ്പറ്റ വില്ലേജിലെ 64.4705 ഹെക്ടർ ഭൂമി ഏറ്റെടുത്ത് വേഗത്തിൽ നിർമാണം പൂർത്തിയാക്കിയത് സംസ്ഥാന സർക്കാരിന്റെ കരുതലും ഏകോപിത പ്രവർത്തനവുമാണെന്ന് അധികൃതർ വ്യക്തമാക്കി. അതിജീവനത്തിന്റെ ആത്മവിശ്വാസം നിറച്ച് വയനാട് ഇനി പുതിയ ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ്.





