Death Entertainment Kerala News

അനശ്വര നടൻ ജയൻ്റെ ജന്മവാർഷിക ദിനം

ജയൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന കൃഷ്ണൻ നായർ 1939 ജൂലൈ 25ന് കൊല്ലം ജില്ലയിലെ തേവള്ളി എന്ന സ്ഥലത്ത് ജനിച്ചു. തിരുവിതാംകൂർ രാജവംശത്തിൻ്റെ കൊല്ലം ശാഖയായ തേവള്ളി കൊട്ടാരത്തിലെ വിചാരിപ്പുകാരനായിരുന്ന മാധവവിലാസം വീട്ടിൽ മാധവന്‍പിള്ള ആയിരുന്നു ജയൻ്റെ പിതാവ്. സത്രം മാധവൻ പിള്ളയെന്നും, കൊട്ടാരക്കര മാധവൻ പിള്ള എന്നും അദ്ദേഹം അറിയപ്പെട്ടു.
മാതാവ് ഓലയിൽ ഭാരതിയമ്മയായിരുന്നു.

മലയാളി മന്ദിരം സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും പിന്നീട് ഗവൺമെൻ്റ് ബോയ്സ് ഹൈസ്കൂളിലും ആണ് പഠിച്ചത്. എൻ.സി.സി.യിൽ ബെസ്റ്റ് കേഡറ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടതിനാൽ നേവിയിൽ നേരിട്ട് സെലക്ഷൻ കിട്ടി. 15 വർഷം നേവിയിൽ സേവനമനുഷ്ഠിച്ച ശേഷം പെറ്റി ഓഫീസർ പദവിയിലിരിക്കെ ജോലിയിൽ നിന്ന് രാജിവെച്ചു. ഏകദേശം 120ലധികം ചിത്രങ്ങളിൽ അദ്ദേഹം വ്യത്യസ്ത വേഷങ്ങളിൽ അഭിനയിച്ചു. ആക്ഷൻ താരമായാണ് അറിയപ്പെട്ടിരുന്നത് എങ്കിലും ഏതാനും ചിത്രങ്ങളിൽ സ്വഭാവനടനായും പ്രത്യക്ഷപ്പെട്ടു. തൻ്റേതായ പൗരുഷഭാവങ്ങളിലും അതുല്യമായ അഭിനയ ശൈലികൊണ്ടും പ്രശസ്തനായിരുന്നു അദ്ദേഹം. അതിസങ്കീർണമായ സാഹസിക രംഗങ്ങളിൽ അപകട സ്വഭാവം ഗൗനിക്കാതെ തൻമയയുക്ത്വമായ പ്രകടനം കാഴ്ച വെക്കുന്നതിൽ ആയിരുന്നു പ്രധാനമായും അദ്ദേഹത്തിൻ്റെ മികവ്.

1974 ൽ ശാപം മോക്ഷം എന്ന ജെസി ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള ജയൻ്റെ കടന്നുവരവ്. പിന്നീട് ചെറിയ വേഷങ്ങൾ ലഭിച്ചു തുടങ്ങി. ഇതിൽ അധികവും വില്ലൻ വേഷങ്ങൾ ആയിരുന്നു. പിന്നീട് അനവധി വേഷങ്ങൾ അദ്ദേഹത്തെ തേടിയെത്തി. ഹരിഹരൻ സംവിധാനം ചെയ്ത ശരപഞ്ജരമാണ് അദ്ദേഹത്തിൻ്റെ ജീവിതത്തിലെ വഴിത്തിരിവായത്. ശാപമോക്ഷം മുതൽ കോളിളക്കം വരെ ജയൻ്റെ മുദ്ര പതിഞ്ഞ 90 ശതമാനം ചിത്രങ്ങളും ഹിറ്റുകളും സൂപ്പർഹിറ്റുകളും ആയിരുന്നു. ഐവി ശശിയുടെ സംവിധാനത്തിൽ അങ്ങാടി എന്ന ചിത്രത്തിലെ ചുമട്ടുതൊഴിലാളിയുടെ വേഷം മലയാളികൾ അത്രവേഗം മറക്കാൻ ഇടയില്ല. നടി ജയഭാരതി അദ്ദേഹത്തിൻ്റെ അമ്മാവൻ്റെ മകളായിരുന്നു.

ശാപ മോക്ഷം, പൂന്തേനരുവി, സൂര്യവംശം, ഉല്ലാസയാത്ര, രാജാങ്കണം, അഗ്നിപുഷ്പം, മല്ലനും മാതേവനും, പഞ്ചമി, അമൃതവാഹിനി, തോൽക്കാൻ എനിക്ക് മനസ്സില്ല, ഇവൻ എൻ്റെ പ്രിയപുത്രൻ, അഞ്ജലി, ഓർമ്മകൾ മരിക്കുമോ, കണ്ണപ്പനുണ്ണി, മദനോത്സവം, തച്ചോളി അമ്പു, സൂത്രകാരി, ആനപ്പാച്ചൻ, ലിസ ശരപഞ്ജരം, മാമാങ്കം, ഇരുമ്പഴികൾ, അങ്കക്കുറി, ചുവന്ന ചിറകുകൾ, നായാട്ട്, മീൻ, കരിപുരണ്ട ജീവിതങ്ങൾ, മൂർഖൻ, സഞ്ചാരി, തുടങ്ങിയവ അദ്ദേഹം അഭിനയിച്ച ചിത്രങ്ങളിൽ ചിലതു മാത്രമാണ്.
കോളിളക്കം എന്ന ചിത്രത്തിലെ അവസാന ക്ലൈമാക്സ് സീനിലെ ഒരു സാഹസികരംഗം ചിത്രീകരിക്കുമ്പോൾ ഹെലികോപ്റ്റർ അപകടത്തെ തുടർന്ന് 41 ആം വയസ്സിൽ 1980 നവംബർ 16ന് അദ്ദേഹം മരണപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *