തൃശൂർ: എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപിയെ വിജയിപ്പിച്ച തൃശൂരിലെ വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ.കെ.കെ.അനീഷ് കുമാർ. ചരിത്ര വിജയമാണ് തൃശൂർ ജനത സമ്മാനിച്ചത്. ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ തൃശൂരിൻ്റെ വികസനം ആഗ്രഹിക്കുന്നവർ സുരേഷ് ഗോപിക്ക് വോട്ട് ചെയ്തു.2019 ൽ നഷ്ടപ്പെടുത്തിയ സൗഭാഗ്യം ഇത്തവണ തൃശ്ശൂർക്കാർ തിരിച്ച് പിടിച്ചു. ജനങ്ങളുടെ വിശ്വാസവും പ്രതീക്ഷയും നൂറ് ശതമാനവും സംരക്ഷിക്കുന്നതിന് പാർട്ടിയും മുന്നണിയും പ്രതിജ്ഞാബദ്ധമാണ്. ബി ജെ പിക്കും സുരേഷ് ഗോപിക്കുമെതിരെ എതിരാളികൾ നടത്തിയ നുണപ്രചരണങ്ങൾ പ്രബുദ്ധരായ വോട്ടർമാർ തളളിക്കളഞ്ഞു. ബിജെപിയുടെ വർഷങ്ങളായുള്ള കാത്തിരിപ്പിനും പ്രയത്നത്തിനും ഫലമുണ്ടായിരിക്കുന്നു. കൊടുംചൂടിനെ കൂസാതെ എണ്ണയിട്ട യന്ത്രം പോലെ സംഘടനാ സംവിധാനം ചലിപ്പിച്ച എല്ലാ പ്രവർത്തകരോടും പ്രസ്ഥാനം കടപ്പെട്ടിരിക്കുന്നുവെന്നും അനീഷ് കുമാർ പറഞ്ഞു.
പരിസ്ഥിതി ദിനത്തിൽ വിജയമരം നടും.
സുരേഷ് ഗോപിയുടെ വിജയത്തിൻ്റെ പ്രതീകമായ ലോക്സഭ മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും, വീടുകളിലും, തെരുവുകളിലും വിജയമരം നടും. ഫലവൃക്ഷ തൈകളും, തണൽ വൃക്ഷങ്ങളും നടുമെന്ന് ജില്ലാ അദ്ധ്യക്ഷൻ Ad K K അനീഷ് കുമാർ അറിയിച്ചു.