തൃശ്ശൂർ: അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയായ ഓയിസ്ക ഇൻ്റർനാഷണലിൻ്റെയും തൃശ്ശൂർ കോ-ഓപ്പറേറ്റീവ് കോളേജിൻ്റെയും ആഭിമുഖ്യത്തിൽ പത്താമത് നാടൻ പൂക്കളുടെ പ്രദർശനം 2026 ഓഗസ്റ്റ് 18ന് ചൊവ്വാഴ്ച തൃശ്ശൂർ കോ-ഓപ്പറേറ്റീവ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.
നമ്മുടെ നാട്ടിൽ അന്യം നിന്നുകൊണ്ടിരിക്കുന്നതും വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നതുമായ പൂച്ചെടികളെ സംരക്ഷിക്കുക, നിലനിർത്തുക, പുതുതലമുറക്കും ഭാവി തലമുറയ്ക്കും പരിചയപ്പെടുത്തുക, ജൈവവൈവിധ്യം നിലനിർത്തുക തുടങ്ങിയ ഉദ്ദേശത്തോടുകൂടിയാണ് ഈ പ്രദർശനം നടത്തുന്നത്. പ്രദർശനത്തിൻ്റെ ഔപചാരികമായ ഉദ്ഘാടനം നാളെ രാവിലെ 10 മണിക്ക് തൃശ്ശൂർ കോർപറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ നിർവഹിക്കും. ചടങ്ങിൽ പ്രശസ്ത സിനിമ താരം രമാദേവി മുഖ്യാഥിതി ആകും. പൂക്കളെ സ്നേഹിക്കുന്നവർക്കും പൊതുജനങ്ങൾക്കും പ്രദർശനം കാണുന്നതിന് അവസരം ഉണ്ടായിരിക്കുന്നതാണ്.





