ഇന്ധനമേഖലയിലെ മാറ്റങ്ങൾ ശാസ്ത്രീയമായ വിലയിരുത്തലുകളുടെയും കേന്ദ്രസർക്കാർ നിർദേശിക്കുന്ന നിയന്ത്രണങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കുമെന്ന് സുരേഷ് ഗോപി. ഫോസിൽ ഇന്ധനങ്ങളിൽനിന്ന് ഹൈഡ്രജൻ ഉൾപ്പെടെയുള്ള ബദൽ ഊർജസ്രോതസ്സുകളിലേക്കുള്ള മാറ്റം പരിസ്ഥിതി സംരക്ഷണവും രാജ്യത്തിന്റെ ഊർജസുരക്ഷയും കണക്കിലെടുത്തായിരിക്കണം.
റിഫൈനറികളിൽനിന്ന് ഇന്ധനം സംഭരണ കേന്ദ്രങ്ങളിലേക്കും തുടർന്ന് റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലേക്കും എത്തിക്കുന്നതിന് പ്രത്യേക സംവിധാനങ്ങളുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. ഇന്ധനത്തിന്റെ ഗതാഗതം, സംഭരണം, വിതരണം എന്നിവയിൽ കേന്ദ്രസർക്കാരിന്റെ നിയന്ത്രണങ്ങളും നയങ്ങളും പാലിക്കുന്നുണ്ടെന്നും അദ്ദേഹം ഉറപ്പുനൽകി.
ഇന്ധനസംഭരണ കേന്ദ്രങ്ങളിലെയും റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലെയും പ്രവർത്തനങ്ങൾ സംബന്ധിച്ച് കൂടുതൽ പരിശോധനകളും വിലയിരുത്തലുകളും ആവശ്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
പരിസ്ഥിതി സംരക്ഷണത്തിൽ ഇന്ത്യയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും കാലാവസ്ഥാ വ്യതിയാനവും പ്രകൃതിദുരന്തങ്ങളും ശാസ്ത്രീയമായ പഠനങ്ങളിലൂടെ വിലയിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേപ്പാളിലുണ്ടായ ഹിമാനി ഉരുകി ഉണ്ടായ വെള്ളപ്പൊക്ക പ്രതിസന്ധികൾ ഉൾപ്പെടെയുള്ള സംഭവങ്ങൾ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ധനങ്ങളുടെ ഗുണനിലവാരം, വാഹനങ്ങളിൽനിന്നുള്ള മലിനീകരണം കുറയ്ക്കുന്നതിനുള്ള സാങ്കേതികവിദ്യകൾ, എഥനോൾ മിശ്രിതത്തിന്റെ വിവിധ അനുപാതങ്ങൾ എന്നിവ ശാസ്ത്രീയവും നിയന്ത്രണപരവുമായ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം നടപ്പാക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യങ്ങൾ ആരിലും അടിച്ചേൽപ്പിക്കുന്നതല്ലെന്നും ശാസ്ത്രീയ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഇ80 ഇന്ധനം ഉപയോഗിക്കുന്ന ബ്രസീലിനെ കുറിച്ചും അദ്ദേഹമ അഭിപ്രായപ്പെട്ടി.





