എം. എ. സുധീർ ബാബു. പട്ടാമ്പി

കശുമാവിനെ തരിശ് ഭൂമിയിലെ സ്വർണ്ണ വിള എന്ന് വിളിച്ചു വരുന്നു. വലിയ പരിചരണം കിട്ടാതെ തന്നെ വലിയ ഫലപുഷ്ട്ടി ഇല്ലാത്ത ഭൂമിയിൽ നല്ല വളർച്ചയും സാമാന്യം നല്ല കശുവണ്ടി വിളവും ലഭിക്കും. പണ്ടൊക്കെ നാടൻ കശുമാവിനങ്ങൾ ആണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് ഹൈബ്രിഡ് കുള്ളൻ, ഒതുങ്ങിയ വളർച്ചയുള്ള കശുമാവിനങ്ങൾ പലതുണ്ട്.
ഓരോ പഞ്ചായത്ത് തലത്തിലും ഒരു മാതൃക കശുമാവിൻതോട്ടം കൃഷി ഭവന്റെ പിന്തുണയും സാമ്പത്തിക സഹായവും ഉപയോഗിച്ച് ഉണ്ടാക്കി കർഷകർക്കു വന്നു കണ്ട് പഠിക്കാൻ അവസരം കൊടുക്കണം.
കശുമാവിൽ നിന്ന് അണ്ടി മാത്രം അല്ലാതെ കശുമാങ്ങ പാഴാക്കാതെ സംഭരിച്ചു സാംസ്‌ക്കരിച്ചു വിവിധ ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കാൻ പറ്റിയാൽ കശുമാവ് കർഷകർ രക്ഷപെട്ട് സാമ്പത്തികമായി മുന്നേറും.
ഇതിന് പുറമെ കേന്ദ്രസർക്കാരിന്റെ കീഴിൽ ഉള്ള കശുമാവ് വികസനഡയറക്ടറേറ്റ്, കേരളത്തിൽ ഉള്ള കശുമാവ് കൃഷി വികസന കൌൺസിൽ, ഒക്കെ കശുമാവ് കൃഷിയുടെ സഹായത്തിനുണ്ട്.
കേരളത്തിൽ മണ്ണിന്റെ സമഗ്ര ആരോഗ്യം വഴി കാർഷിക മുന്നേറ്റത്തിന് വഴി കാട്ടി ആയി കേരള സോയിൽ ഹെൽത്ത് മിഷൻ, കേരള കശുമാവ് കൃഷി മിഷൻ ഒക്കെ ആരംഭിച്ചാൽ നന്നായിരിക്കും. ഗ്രൂപ്പിൽ അല്ലെങ്കിൽ ഒന്നിൽ ഏറെ ഗ്രൂപ്പിൽ ഉൾപ്പെടുത്തി ഓരോ പഞ്ചായത്ത് തലത്തിലും കശുമാവ് കൃഷി ഉള്ള കർഷകരെ ഒരു കുട കീഴിൽ കൊണ്ടു വന്നു കശുമാവ് കൃഷിക്ക് ആവശ്യം ഉള്ള ജോലികൾ ചെയ്യാനും, ഒത്തു ചേർന്നു വിളവെടുപ്പ് നടത്തി കശുമാങ്ങകൾ ശാസ്ത്രീയ സംഭരണികളിലിട്ട് സാംസ്‌ക്കരിച്ചു വിവിധ ഉത്പന്നങ്ങൾ ഉണ്ടാക്കി വിൽക്കാനും പറ്റും.
ഒരു ഗ്രാമത്തിൽ തന്നെ സ്ത്രീകൾക്കു കശുമാങ്ങ സംസ്‌കരണത്തിൽ കേരള
അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിൽ നിന്ന് പഠന പരിശീലനം കൊടുത്തു പഞ്ചായത്ത് തലത്തിൽ തന്നെ ഒരു വിൽപ്പന കേന്ദ്രം അല്ലെങ്കിൽ ഒരു വിപണന ശാല തുറന്നു വില്പന നടത്താൻ പറ്റും.
വലിയ ഫല പുഷ്ടി ഇല്ലാത്ത സാധാരണ മണ്ണിൽ അല്ലെങ്കിൽ മോശം മണ്ണിൽ രണ്ടു കശു മാവിന്റെ തൈകൾ നടുമ്പോൾ പരസ്പ്പരം ഏഴര മീറ്റർ അകലം കൊടുക്കണം.
അതായതു രണ്ടു വരികൾ തമ്മിൽ ഏഴര മീറ്ററും ഓരോ വരിയിലും ഉള്ള രണ്ടു തൈകൾ തമ്മിൽ ഏഴര മീറ്ററും അകലം കൊടുക്കണം.
നല്ല വള ക്കൂറും, താഴ്ച്ചയുമുള്ള മണ്ണിലും, തീര ദേശ മണൽ മണ്ണിലും കശുമാവിൻ തൈകൾ പരസ്പ്പര അകലം പത്തു മീറ്റർ വരുന്ന വിധത്തിൽ നടണം.
നല്ല കശു മാവിൻ്റെ തൈകൾ കേരള കാർഷിക സർവകലാശാലയിൽ ഉള്ള വിൽപ്പന കേന്ദ്രങ്ങൾ, കശുമാവ് ഗവേഷണ കേന്ദ്രങ്ങൾ എന്നിവ കൂടാതെ കൃഷി വകുപ്പ് വിൽപ്പന കേന്ദ്രങ്ങൾ വഴി ഒക്കെ തൈകൾ വാങ്ങാം.
കൃഷി വകുപ്പിന് കീഴിൽ വരുന്ന ഒട്ടുമിക്ക ഫാം കേന്ദ്രങ്ങളിൽ കശുമാവിന്റെ തൈകൾ കിട്ടും. തിരുവനന്തപുരം പെരിങ്ങമല ജില്ല കൃഷി ഫാം, കൊല്ലം കൊട്ടാരക്കര കശു മാവ് ഫാം, ആലപ്പുഴ മാവേലിക്കര യിലെ ജില്ലാ കൃഷി ഫാം, എറണാകുളം ജില്ലാ അഗ്രി ഫാം, തൃശൂർ ജില്ലയിൽ ഉള്ള കെ ഏ യൂ ഗവേഷണകേന്ദ്രം, മലപ്പുറം ചുങ്കതറ ജില്ലാ കൃഷി ഫാം, മുണ്ടേരിയിലെ സീഡ് ഗാർഡൻ കോംപ്ലക്സ്, കണ്ണൂർ -കോഴിക്കോട് ജില്ലാ കൃഷി ഫാം കൂത്താലി, കണ്ണൂർ തളിപറമ്പ ജില്ലാ കൃഷി ഫാം, കാസർഗോഡ് ഉള്ള കശു മാവ് നഴ്സറി ഇൽ നിന്നൊക്കെ കാശുമാവിന്റെ ഗ്രാഫ്റ്റ് തൈകൾ കർഷകർക്ക് കൊടുക്കാം.
കശു മാവിന്റെ ശത്രു കീടങ്ങൾ
തേയില കൊതുക്, തടി തുരപ്പൻ, ഇല തുരപ്പൻ പുഴു, ഇലയും പൂംകുലയിലും വല കെട്ടുന്ന പുഴുക്കൾ, ഇല പേനുകൾ, കമ്പിളി പുഴു, പൂക്കുലപേനുകൾ
എന്നിവയുടെ നിയന്ത്രണം കൃഷി ഓഫീസർമാരുടെ നിർദ്ദേശം സ്വീകരിച്ചുള്ള മരുന്നുകൾ പറഞ്ഞ അളവിൽ മാത്രം തളിക്കണം.
രാസ മരുന്നുകൾ കൃത്യമായി പറഞ്ഞ അളവിൽ തളിച്ചാൽ ഒരു ദോഷവും ഇല്ല. പൂർണ്ണമായി ജൈവ കശുമാവ് ചെയ്യുന്ന കർഷകരും ഉണ്ട്.
കശു മാവ് തീര ദേശങ്ങളിൽ മണ്ണ് രക്ഷാ കവചമായി നടാൻ നല്ലതാണ്. കടൽ തീരങ്ങളിൽ തെങ്ങ് മുഖ്യ വിളയാണല്ലോ. അത്തരം സ്ഥലങ്ങളിൽ കാറ്റാടി (ചൂള മരം) ഉള്ളിടങ്ങളിൽ കൂടെ കശു മാവ് നടാം.
മഴ ഉള്ള എപ്പോഴും കശുമാവ് നടാം. കശുവണ്ടി പരിപ്പ് നല്ല വിപണന സാധ്യത ഉള്ളതാണ്. സ്ഥലം കുറഞ്ഞവർക്ക് ഗ്രോ ബാഗുകളിൽ മണ്ണും, ജൈവവളവും ചേർന്ന മിശ്രിതം നിറച്ച് ഒട്ട് തൈ നടാം. ഏറ്റവും നല്ല നടീൽ കാലങ്ങൾ ജൂൺ – ജൂലൈ. സെപ്റ്റംബർ – ഒക്ടോബർ ആണ്. നല്ല വെയിൽ കിട്ടുന്ന തുറസ്സായ സ്ഥലം തൈകൾ നടാൻ ഉത്തമം.
അമ്പത് സെന്റി മീറ്റർ നീളം. അത്ര തന്നെ വീതി. ആഴവും ഉള്ള കുഴി ഉണ്ടാക്കി ആണ് തൈ നടേണ്ടത്.
മേൽ മണ്ണും 10 കിലോ കമ്പോസ്റ്റും ഇരു നൂറു ഗ്രാം റോക്ക് ഫോസ്ഫേറ്റ് എന്നിവ കുഴിയിൽ നിറച്ചു തൈ നടണം. ഒട്ട് സന്ധി മണ്ണ്ണിന് മുകളിൽ വരുന്ന വിധത്തിൽ നടാൻ മറക്കണ്ട. തൈ കൾക്ക് ഊന്ന് കൊടുക്കണം. തൈ ചുവട്ടിൽ പുല്ല്, ഉണക്ക ഇല ഇട്ടു പുതയാവാം. നന്നായി നനവ് കിട്ടാൻ ചെറു തോതിൽ നന കൊടുക്കണം.




