Business Economy India International News Politics

റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധം യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കും: ഡച്ച് വിദേശകാര്യമന്ത്രി

ന്യൂഡൽഹി: റഷ്യയുമായുള്ള ഇന്ത്യയുടെ തുടർച്ചയായ നയതന്ത്ര ബന്ധം ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സഹായകമാകുമെന്ന് നെതർലൻഡ്സ് വിദേശകാര്യമന്ത്രി ടോം ബെറെൻഡ്‌സൻ. മോസ്കോയുമായുള്ള ബന്ധം ഉപയോഗിച്ച് യുദ്ധം അവസാനിപ്പിക്കാൻ റഷ്യയെ പ്രേരിപ്പിക്കാൻ ഇന്ത്യക്ക് കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ റഷ്യയുമായുള്ള ബന്ധത്തെ ഒരു അധികമൂല്യമായാണ് നെതർലൻഡ്സ് കാണുന്നതെന്നും ബെറെൻഡ്‌സൻ വ്യക്തമാക്കി.

നവംബർ 22, 23 തീയതികളിലായി ഔദ്യോഗിക സന്ദർശനത്തിനെത്തിയ അദ്ദേഹം ഞായറാഴ്ച ന്യൂഡൽഹിയിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ചേർന്ന് ആദ്യ ഇന്ത്യ-നെതർലൻഡ്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ സഹാധ്യക്ഷത വഹിച്ചു.

കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം അവലോകനം ചെയ്തു. ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണ നയത്തെയും മോസ്കോയുമായുള്ള തുടർച്ചയായ ബന്ധത്തെയും കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, ഇന്ത്യയുടെ ചരിത്രവും ആഗോളതലത്തിലുള്ള പങ്കും മറ്റ് രാജ്യങ്ങളുമായുള്ള ബന്ധങ്ങളും നെതർലൻഡ്സ് മനസ്സിലാക്കുന്നുവെന്ന് ബെറെൻഡ്‌സൻ പിടിഐയോട് പറഞ്ഞു.

സ്വന്തമായ വിദേശനയവും നയതന്ത്ര ബന്ധങ്ങളുമുള്ള രാജ്യമാണ് ഇന്ത്യയെന്നും റഷ്യയുമായുള്ള ബന്ധം ഉക്രെയ്ൻ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങളിൽ പ്രയോജനപ്പെടുത്താൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *