പുരുഷന്മാർ മാത്രം അവതരിപ്പിച്ചിരുന്ന പരമ്പരാഗത കടുവാനൃത്തത്തിൽ തനിക്കും ചുവടുവെക്കണമെന്ന ആഗ്രഹവുമായി 11 വയസ്സുകാരി. ഒഡീഷയിലെ വിദൂര ഗ്രാമത്തിൽ നിന്നുള്ള മിനിയുടെ ഈ സ്വപ്നവും അതിനായുള്ള പോരാട്ടവുമാണ് ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ ജിതേന്ദ്ര മിശ്ര ഒരുക്കിയ ‘ബഘുനി (ഡാൻസ് ലൈക്ക് എ ടൈഗർ)’ എന്ന ചിത്രത്തിന്റെ പ്രമേയം.
ഒഡീഷയുടെ പരമ്പരാഗത കലാരൂപമായ ബഘാ നാച്ച പുരുഷന്മാർക്ക് ആധിപത്യമുള്ള നൃത്തരൂപമാണ്. ഈ കലാരൂപത്തിൽ കടുവയുടെ വേഷമണിഞ്ഞ് നൃത്തം ചെയ്യാനാണ് മിനി ആഗ്രഹിക്കുന്നത്. ഒരു നൃത്തം പഠിക്കാനുള്ള ആഗ്രഹത്തിനപ്പുറം ലിംഗപരമായ മുൻവിധികളെ ചോദ്യം ചെയ്യാനും സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ച് ജീവിക്കാനുമുള്ള പെൺകുട്ടിയുടെ പോരാട്ടമാണ് ചിത്രം അവതരിപ്പിക്കുന്നത്.
യഥാർത്ഥസംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രം ലിംഗവിവേചനം, സാമൂഹികമായ കാഴ്ചപ്പാടുകൾ, സാംസ്കാരിക സ്വത്വം, നിലനിൽക്കുന്ന ആചാരങ്ങളെ ചോദ്യം ചെയ്യാനുള്ള ധൈര്യം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നു. 57-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയായ ഐഎഫ്എഫ്ഐയുടെ ഭാഗമായി നവംബർ 22ന് ഗോവയിൽ ചിത്രത്തിന്റെ ഗാല പ്രീമിയർ നടന്നു.
വാർത്താസമ്മേളനത്തിൽ സംസാരിച്ച സംവിധായകൻ ജിതേന്ദ്ര മിശ്ര, തന്റെ സിനിമാ ജീവിതത്തിലെ നിർണായക നാഴികക്കല്ലാണ് ചിത്രമെന്ന് പറഞ്ഞു. ഏകദേശം രണ്ട് പതിറ്റാണ്ട് നീണ്ട സിനിമാ പ്രവർത്തനത്തിനുശേഷം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഐഎഫ്എഫ്ഐ, നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (എൻഎഫ്ഡിസി), കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം എന്നിവയുടെ പിന്തുണയ്ക്കും അദ്ദേഹം നന്ദി അറിയിച്ചു.
ബഘാ നാച്ചയാണ് ചിത്രത്തിന്റെ സാംസ്കാരിക പശ്ചാത്തലമെങ്കിലും ലിംഗസമത്വം, ധൈര്യം, മനുഷ്യന്റെ ഇച്ഛാശക്തി എന്നിവയാണ് സിനിമയുടെ അടിസ്ഥാന പ്രമേയമെന്ന് മിശ്ര വ്യക്തമാക്കി. സ്വന്തം കുടുംബത്തിലെ ഏഴ് അസാധാരണ സ്ത്രീകളിൽ നിന്നാണ് ചിത്രത്തിന് പ്രചോദനം ലഭിച്ചതെന്നും തുല്യ അവസരങ്ങൾ ലഭിച്ചാൽ പെൺകുട്ടികൾക്ക് പ്രതീക്ഷകൾക്കപ്പുറം നേട്ടങ്ങൾ കൈവരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.ഒഡീഷയിലെ ബെർഹാംപൂരിൽ വിപുലമായ ഗവേഷണം നടത്തിയ ശേഷമാണ് ചിത്രം ഒരുക്കിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ ഓഡിഷനുകളിലൂടെ തിരഞ്ഞെടുത്ത പ്രാദേശിക കുട്ടികളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പരിചയസമ്പന്നനായ നടൻ സബ്യസാചി മിശ്രയ്ക്കൊപ്പം മാസങ്ങളോളം പരിശീലനം നേടിയാണ് കുട്ടികൾ ചിത്രത്തിൽ പങ്കെടുത്തത്.





