Agriculture India Kerala News

മണ്ണിൻ്റെ ജീവൻ കാക്കും ജൈവപ്പുതപ്പ്: മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാനും ഈർപ്പം നിലനിർത്താനും മൾച്ചിങ് മികച്ച മാർഗം

എം. എ. സുധീർ ബാബു ജില്ലാ മണ്ണ് പര്യവേക്ഷണ ഓഫീസർ, കോഴിക്കോട്

മണ്ണിനെ വേണ്ടവിധം സംരക്ഷിക്കാതിരിക്കുന്നത് സ്വന്തം മാതാവിനെ മറക്കുന്നതിന് തുല്യമാണെന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധി പറഞ്ഞിട്ടുണ്ട്. മണ്ണ് നശിക്കുമ്പോൾ ഒരു നാടിന്റെ മാത്രമല്ല, ഒരു രാഷ്ട്രത്തിന്റെ സംസ്കാരവും നിലനിൽപ്പും കൂടിയാണ് ഇല്ലാതാകുന്നതെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് തിയഡോർ റൂസ്‌വെൽറ്റും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഈ വാക്കുകൾ ഓർമിപ്പിക്കുന്നത്.

മണ്ണിന്റെ ഈർപ്പം നിലനിർത്താനും ജൈവാംശം വർധിപ്പിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന ജൈവകൃഷിരീതിയാണ് പുതയിടീൽ അഥവാ മൾച്ചിങ്. മണ്ണിലെ അമിതചൂടും ഈർപ്പനഷ്ടവും കുറച്ച് ചെടികളുടെ വളർച്ചയ്ക്ക് അനുകൂല സാഹചര്യമൊരുക്കാനും ഇത് സഹായിക്കുന്നു.

മണ്ണിനു മുകളിൽ ജൈവവസ്തുക്കൾ പുതയായി ഇടുമ്പോൾ അവ കാലക്രമേണ അഴുകി മണ്ണിൽ ലയിക്കുകയും ജൈവാംശം വർധിപ്പിക്കുകയും ചെയ്യും. ഇതുവഴി മണ്ണിന്റെ ജലസംഭരണശേഷി മെച്ചപ്പെടുന്നു. മഴവെള്ളം മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്നതിനും ഈർപ്പം ദീർഘനേരം നിലനിർത്തുന്നതിനും പുതയിടീൽ സഹായിക്കുന്നു. മണ്ണൊലിപ്പ് തടയാനും കളകളുടെ വളർച്ച നിയന്ത്രിക്കാനും ഇതിലൂടെ കഴിയും.

അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡ് സസ്യങ്ങൾ ആഗിരണം ചെയ്യുകയും അതിലെ കാർബണിന്റെ ഒരു ഭാഗം മണ്ണിൽ ജൈവവസ്തുക്കളായി സംഭരിക്കപ്പെടുകയും ചെയ്യുന്നു. ഇത്തരത്തിൽ കാർബൺ സംഭരണത്തിന്റെ പ്രധാന കേന്ദ്രം കൂടിയാണ് മണ്ണ്. ജൈവാംശം വർധിപ്പിക്കുന്ന പുതയിടീൽ മണ്ണിലെ കാർബൺ സംഭരണത്തിനും സഹായകമാണ്.

എന്തെല്ലാം പുതയിടാം?

പച്ചിലകൾ, കരിയില, ചകിരി, പച്ചത്തോൽ തുടങ്ങിയ ജൈവവസ്തുക്കൾ പുതയിടാൻ ഉപയോഗിക്കാം. ഇവ മണ്ണിൽ അഴുകിച്ചേർന്ന് ജൈവാംശവും ഈർപ്പവും വർധിപ്പിക്കും. പ്രത്യേകിച്ച് ജൈവാംശം കുറഞ്ഞ തീരദേശ മണൽമണ്ണിൽ പുതയിടീൽ ഏറെ ഫലപ്രദമാണ്. 2024-ൽ തൃശൂർ തീരദേശത്ത് നടത്തിയ പഠനത്തിലും ജൈവപുതയിടലിന്റെയും മണ്ണുപയോഗിച്ചുള്ള പുതയിടലിന്റെയും പ്രയോജനം വ്യക്തമായിരുന്നു.

മണ്ണ് കൊത്തിക്കിളച്ച് കൂനകളാക്കുന്നതും ജലസംരക്ഷണത്തിന് സഹായിക്കും. തെങ്ങോലയും ചിരട്ടയും തെങ്ങിൻചുവട്ടിലും കമുകിൻപട്ടയും ഓലക്കൊതുമ്പും കമുകിൻചുവട്ടിലും പുതയിടാം. ഇവ അഴുകിച്ചേരുന്നതിലൂടെ നഷ്ടപ്പെട്ട ചില പോഷകമൂലകങ്ങൾ മണ്ണിലേക്ക് തിരിച്ചെത്തും.

ശീമക്കൊന്ന, വട്ട, വേങ്ങ തുടങ്ങിയ മരങ്ങളുടെ ഇലകൾ പച്ചിലവളമായി ഉപയോഗിക്കാം. ആവരണവിളകളും മണ്ണിന്റെ ഈർപ്പവും ആരോഗ്യവും നിലനിർത്താൻ സഹായിക്കും. പ്ലാസ്റ്റിക് മൾച്ചിങ് പ്രചാരത്തിലുണ്ടെങ്കിലും മണ്ണിന്റെ ദീർഘകാല സംരക്ഷണത്തിന് ജൈവപുതകൾക്കാണ് മുൻഗണന നൽകേണ്ടത്.

പുതയിടീൽ മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാനും ജലസംഭരണശേഷി വർധിപ്പിക്കാനും മണ്ണൊലിപ്പ് തടയാനും സഹായിക്കുന്നു. ഹോംസ്റ്റഡ് ഫാമിങ് ഉൾപ്പെടെ എല്ലാ കൃഷിരീതികളിലും ഇത് ശീലമാക്കുന്നത് മികച്ച വിളവിനും മണ്ണിന്റെ സംരക്ഷണത്തിനും വരുംതലമുറയുടെ ഭക്ഷ്യസുരക്ഷയ്ക്കും വഴിയൊരുക്കും.

Leave a Reply

Your email address will not be published. Required fields are marked *