കേരളത്തിലെ ആരോഗ്യ സേവനം മികച്ച നിലയിലാണെന്ന് വീണ്ടും തെളിയിച്ചുകൊണ്ട്, സംസ്ഥാനത്തെ രണ്ട് ആശുപത്രികൾക്കുകൂടിഎൻക്യുഎഎസ് അംഗീകാരം ലഭിച്ചു. പുതിയതായി പാലക്കാട് പുതുക്കോട് (94.97%) കുടുംബാരോഗ്യ കേന്ദ്രവും വയനാട് മുപ്പൈനാട് (96.68%) കുടുംബാരോഗ്യ കേന്ദ്രവും നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്സ് (എൻക്യുഎഎസ്) അംഗീകാരം നേടി. ഇതോടെ, സംസ്ഥാനത്ത് 189 ആശുപത്രികൾക്ക് എൻക്യുഎഎസ് അംഗീകാരവും 82 ആശുപത്രികൾക്ക് പുനഃഅംഗീകാരവും ലഭിച്ചു.
അഞ്ച് ജില്ലാ ആശുപത്രികൾ, നാലു താലൂക്ക് ആശുപത്രികൾ, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 41 നഗര പ്രൈമറി ഹെൽത്ത് സെന്ററുകൾ, 128 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് എൻക്യുഎഎസ് അംഗീകാരത്തിൽ ഉൾപ്പെട്ടത്. 6,500 ലധികം ചെക്ക് പോയിന്റുകളിലെ വിലയിരുത്തലുകൾ നടത്തി ദേശീയ ഗുണനിലവാരത്തിലെത്തിച്ചാണ് അംഗീകാരമാർപ്പിക്കുന്നത്.
എൻക്യുഎഎസ് അംഗീകാരം നേടിയ പി.എച്ച്.സി.കൾക്ക് വാർഷിക ഇൻസെന്റീവ് ആയി 2 ലക്ഷം രൂപയും മറ്റു ആശുപത്രികൾക്ക് ഓരോ കിടക്കയ്ക്കും 10,000 രൂപയും ലഭിക്കും. ഈ പ്രോത്സാഹനങ്ങൾ ആശുപത്രികളുടെ മെച്ചപ്പെട്ട സേവനത്തിനും സൗകര്യ വികസനത്തിനും ഇടയാക്കുമെന്ന് പ്രതീക്ഷ.





