ന്യൂഡൽഹി: വ്യാജമായി സിം കാർഡുകൾ വിതരണം ചെയ്ത സംഭവത്തിൽ ടെലികോം വകുപ്പ് (DoT) നടപടി സ്വീകരിച്ചു. ഛത്തീസ്ഗഢിലെ ഒരു പോയിൻ്റ് ഓഫ് സെയിൽ (PoS) ഏജൻ്റ് പൗരന്മാരുടെ തിരിച്ചറിയൽ രേഖകൾ അവരുടെ അറിവോ സമ്മതമോ ഇല്ലാതെ ഉപയോഗിച്ച് 25 മൊബൈൽ കണക്ഷനുകൾ ഉപയോഗിച്ചതായി സൈബർ കുറ്റകൃത്യ അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
സംഭവത്തെ തുടർന്ന് ബന്ധപ്പെട്ട PoS ഏജൻ്റിനെ ടെലികോം വകുപ്പ്, സേവനദാതാക്കൾ എന്നിവർ ബ്ലാക്ക്‌ലിസ്റ്റ് ചെയ്തു. 25 കണക്ഷനുകളും ഡിജിറ്റൽ ഇൻ്റലിജൻസ് പ്ലാറ്റ്‌ഫോം വഴി പരിശോധിക്കുകയും സംശയാസ്പദമായ നമ്പറുകൾ പുനഃപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. പരിശോധനയിൽ പരാജയപ്പെട്ട കണക്ഷനുകൾ പിന്നീട് നിർജീവമാക്കി.
വ്യാജ സിം വിതരണം, ടെലികോം ഐഡൻ്റിഫയറുകളുടെ ദുരുപയോഗം, IMEI നമ്പറിൽ കൃത്രിമം എന്നിവ ടെലികമ്മ്യൂണിക്കേഷൻസ് ആക്ട്, 2023 പ്രകാരം ശിക്ഷാർഹമാണെന്ന് ടെലി കോം വകുപ്പ് മുന്നറിയിപ്പ് നൽകി. ഇത്തരം കുറ്റകൃത്യങ്ങൾക്ക് മൂന്ന് വർഷം വരെ തടവും 50 ലക്ഷം രൂപ വരെ പിഴയും ലഭിക്കാം.
സ്വന്തം പേരിലുള്ള സിം കാർഡുകൾ മറ്റുള്ളവർക്ക് കൈമാറരുതെന്നും സഞ്ചാർ സാഥി പോർട്ടലിലൂടെയോ ആപ്പിലൂടെയോ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ കണക്ഷനുകൾ പതിവായി പരിശോധിക്കണമെന്നും വകുപ്പ് നിർദേശിച്ചു.





