Culture India Kerala News

ശ്രീരാമൻ്റെ യാത്രയെ അനുസ്മരിച്ച് രാമേശ്വരത്തുനിന്ന് അയോധ്യയിലേക്ക് 2,500 കിലോമീറ്റർ സൈക്കിൾ യാത്ര; ഏഴ് സംസ്ഥാനങ്ങൾ പിന്നിട്ട് യുവാവ്

അയോധ്യ (ഉത്തർപ്രദേശ്): രാവണനെ വധിച്ചശേഷം ശ്രീരാമൻ രാമേശ്വരത്തുനിന്ന് അയോധ്യയിലേക്ക് നടത്തിയ യാത്രയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് 2,500 കിലോമീറ്റർ സൈക്കിൾ യാത്ര നടത്തി നോയിഡ സ്വദേശിയായ 30കാരൻ. ഏഴ് സംസ്ഥാനങ്ങളിലൂടെ 16 ദിവസം കൊണ്ടാണ് സാർഥക് ചൗഹാൻ തമിഴ്നാട്ടിലെ രാമേശ്വരത്തുനിന്ന് ഉത്തർപ്രദേശിലെ അയോധ്യയിലെത്തിയത്. ദീപാവലിക്ക് മുന്നോടിയായിട്ടായിരുന്നു യാത്ര.

തുടർച്ചയായ മൂന്നാം വർഷമാണ് സാർഥക് ഈ യാത്ര നടത്തുന്നത്. ഇന്ത്യയുടെ വൈവിധ്യവും സംസ്കാരവും അടുത്തറിയാനുള്ള മികച്ച അവസരമാണിതെന്ന് അദ്ദേഹം വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

വെള്ളിയാഴ്ച അയോധ്യയിലെത്തിയ സാർഥക്, ദസറ ദിനത്തിൽ രാമേശ്വരത്ത് പ്രാർഥന നടത്തിയശേഷമാണ് ഓരോ വർഷവും യാത്ര ആരംഭിക്കുന്നത്. രാവണവധത്തിനുശേഷം ശ്രീരാമൻ രാമേശ്വരത്ത് പ്രാർത്ഥന നടത്തി ദീപാവലിയോടും ദീപോത്സവത്തോടും അനുബന്ധിച്ച് അയോധ്യയിലെത്തിയെന്ന ഐതിഹ്യത്തെ അനുസ്മരിച്ചാണ് തൻ്റെ യാത്രയെന്നും അദ്ദേഹം വ്യക്തമാക്കി.

ദസറ ദിനത്തിൽ രാമേശ്വരത്ത് പ്രാർത്ഥന നടത്തിയശേഷം ആരംഭിക്കുന്ന യാത്ര ദീപോത്സവ സമയത്ത് അയോധ്യയിലെത്തുന്നതാണ് പതിവെന്നും സാർഥക് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *