കൂനൂർ: ഇന്ത്യൻ തേയിലയുടെ ആഗോള വിപണിയിലെ മത്സരക്ഷമത വർധിപ്പിക്കുന്നതിന് ഗവേഷണം, ആധുനികവൽക്കരണം, ബ്രാൻഡിങ്, മൂല്യവർധിത ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്ന് ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ.
കൂനൂരിൽ നടന്ന യുപാസി (UPASI) ടീ റിസർച്ച് ഫൗണ്ടേഷന്റെ ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തേയില ഗവേഷണത്തിനും മേഖലയുടെയും വികസനത്തിനും ഫൗണ്ടേഷൻ ഒരു നൂറ്റാണ്ടായി നൽകിയ സംഭാവനകളെയും അദ്ദേഹം അഭിനന്ദിച്ചു.
ഉൽപ്പാദനക്ഷമത, ഗുണനിലവാരം, ചെലവ് കാര്യക്ഷമത എന്നിവ മെച്ചപ്പെടുത്തുന്നതിനായി ഗവേഷണം ശക്തമാക്കണമെന്നും തേയില ഫാക്ടറികൾ ആധുനികവൽക്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബൾക്ക് തേയില കയറ്റുമതിയിൽ മാത്രം ഒതുങ്ങാതെ ശക്തമായ ഇന്ത്യൻ ബ്രാൻഡുകൾ വികസിപ്പിക്കണമെന്നും ഇത് ആഗോള വിപണിയിൽ ഇന്ത്യൻ തേയിലയുടെ സാന്നിധ്യവും വരുമാനവും വർധിപ്പിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശതാബ്ദി വർഷത്തിന്റെ ഭാഗമായി കൂടുതൽ കേന്ദ്രങ്ങളിലേക്ക് ഗവേഷണ ശൃംഖല വ്യാപിപ്പിക്കാനും ഗവേഷണ കേന്ദ്രങ്ങളിൽ ആധുനിക സൗകര്യങ്ങൾ ഒരുക്കാനും യുപാസിയോട് ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു.





