ന്യൂഡൽഹി: മധ്യപ്രദേശിലെ സീഹോർ ജില്ലയിൽ രണ്ട് ഗോഡൗൺ ഉടമകളിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയെ തുടർന്ന് കൃഷി മന്ത്രാലയത്തിലെ മാർക്കറ്റിങ് ഓഫീസർ അനുരാഗിനെ അടിയന്തരമായി സസ്‌പെൻഡ് ചെയ്തു. കേന്ദ്ര കൃഷി-കർഷക ക്ഷേമ വകുപ്പ് മന്ത്രി ശിവരാജ് സിങ് ചൗഹാൻ്റെ നിർദേശപ്രകാരമാണ് നടപടി.
ഗോഡൗണുകളുടെ പരിശോധനയ്ക്കിടെ സബ്‌സിഡി തുക അനുവദിക്കുന്നതിന് പണം ആവശ്യപ്പെട്ടെന്നാണ് പരാതി. ഭൈരുണ്ട തഹസിൽ പരിധിയിലെ ശിവായ് ഗോഡൗണിൽ നിന്ന് ഒരു ലക്ഷം രൂപയും റെഹ്തി മേഖലയിലെ ബെഹെരഖേഡി ഗ്രാമത്തിലുള്ള ശ്രീകൃഷ്ണ ഗോഡൗണിൽ നിന്ന് 60,000 രൂപയും ആവശ്യപ്പെട്ടുവെന്നാണ് പരാതിയിൽ പറയുന്നത്.
പരാതി മന്ത്രി ശിവരാജ് സിങ് ചൗഹാൻ്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ അദ്ദേഹം നിർദേശം നൽകി. ഇതിന് പിന്നാലെയാണ് മാർക്കറ്റിങ് ഓഫീസറെ അടിയന്തരമായി സസ്‌പെൻഡ് ചെയ്തത്.
കർഷകരുമായും ഗോഡൗൺ ഉടമകളുമായും ബന്ധപ്പെട്ട സർക്കാർ നടപടികളിൽ ക്രമക്കേടുകളോ കൈക്കൂലിയോ സംബന്ധിച്ച പരാതികൾ ഗൗരവമായി പരിഗണിച്ച് നടപടി സ്വീകരിക്കുമെന്ന നിലപാടാണ് മന്ത്രാലയം വ്യക്തമാക്കിയത്.





