ചണ്ഡീഗഢ്: വൈക്കോൽ കത്തിക്കൽ നിയന്ത്രിക്കുന്നതിനായി കേന്ദ്ര സർക്കാർ നിർദേശിച്ച 2026ലെ കരട് ചട്ടങ്ങളിൽ ആശങ്കയറിയിച്ച് എഎപി നേതാവ് ബൽതേജ് പന്നു. കർഷകർക്ക് സാമ്പത്തിക പിഴയും ഭൂമി രേഖകളിൽ ‘റെഡ് എൻട്രി’യും ഉൾപ്പെടെയുള്ള വ്യവസ്ഥകളെയാണ് അദ്ദേഹം ചോദ്യം ചെയ്തത്.
രണ്ട് ഏക്കറിൽ താഴെ ഭൂമിയുള്ള കർഷകർക്ക് 5,000 രൂപയും രണ്ട് മുതൽ അഞ്ച് ഏക്കറിൽ താഴെ ഭൂമിയുള്ളവർക്ക് 10,000 രൂപയും അഞ്ച് ഏക്കറിന് മുകളിൽ ഭൂമിയുള്ളവർക്ക് 30,000 രൂപയും പരിസ്ഥിതി നഷ്ടപരിഹാരമായി ഈടാക്കാൻ നിർദേശിച്ചിട്ടുണ്ടെന്ന് പന്നു പറഞ്ഞു.
വൈക്കോൽ കത്തിക്കൽ ചട്ടങ്ങൾ ലംഘിക്കുന്നവരുടെ ഭൂമി രേഖകളിൽ 15 മാസത്തേക്ക് ‘റെഡ് എൻട്രി’ രേഖപ്പെടുത്താനും പ്രത്യേക സാഹചര്യങ്ങളിൽ ഇത് നീട്ടാനും കരടിൽ നിർദേശമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
വിള അവശിഷ്ടങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പ്രശ്നത്തിന് കർഷകർക്ക് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കാതെയുള്ള പരിഹാരമാണ് വേണ്ടതെന്നും പന്നു ആവശ്യപ്പെട്ടു.
പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ വിളവെടുപ്പിന് ശേഷം അവശേഷിക്കുന്ന കച്ചികൾ കൂട്ടിയിട്ട് കത്തിക്കുന്നത് സാധാരണമാണ്. അടുത്ത കൃഷിക്ക് മുന്നോടിയായാണ് കർഷകർ ഇങ്ങനെ ചെയ്യുന്നത്. എന്നാൽ ഈ കൃഷിയിടങ്ങളിൽ കച്ചികൾ കൂട്ടിയിട്ട് കത്തിക്കുന്നത് മൂലമുണ്ടാകുന്ന പുക ഡൽഹിയിലേക്ക് കാറ്റിൽ പരക്കുന്നതിനാൽ ഡൽഹി മേഖലയിൽ വായുമലീനകരണം രൂക്ഷമാകുന്ന അവസ്ഥയാണുള്ളത്.





