ഗുവാഹത്തി: വന്യജീവി കടത്ത് തടയുന്നതിനുള്ള പരിശോധനയിൽ ഗുവാഹത്തിക്ക് സമീപം 3.7 കിലോ ഭാരമുള്ള രണ്ട് ആനക്കൊമ്പുകൾ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പിടികൂടി. സോനാപുർ ടോൾ ഗേറ്റിന് സമീപം നവംബർ അഞ്ചിനായിരുന്നു സംഭവം.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് ഇരുചക്രവാഹനങ്ങളിലായി എത്തിയ അഞ്ച് പേരെ ഡിആർഐ ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചു. ഇവരിൽ ഒരാളുടെ കൈവശമുണ്ടായിരുന്ന ബാഗിൽ ആനക്കൊമ്പുകളുണ്ടെന്ന സംശയത്തെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഇതിനിടെ ഉദ്യോഗസ്ഥരെ ഖുക്രിയും ദാവോയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയ സംഘം ബാഗ് ഉപേക്ഷിച്ച് സമീപത്തെ ഗ്രാമത്തിലേക്ക് രക്ഷപ്പെട്ടു.
തുടർന്ന് ബാഗിൽ നടത്തിയ പരിശോധനയിൽ 29, 30 ഇഞ്ച് നീളമുള്ള രണ്ട് ആനക്കൊമ്പുകൾ കണ്ടെത്തി. പിടിച്ചെടുത്ത ആനക്കൊമ്പുകൾ തുടർനടപടികൾക്കായി അസം വനംവകുപ്പിന് കൈമാറി. വന്യജീവി സംരക്ഷണ നിയമം 1972 പ്രകാരമാണ് നടപടി.





