Kerala News

‘നൂറമ്മ ബിരിയാണി ദര്‍ബര്‍’ — ഭക്ഷണത്തിലൂടെ രാഷ്ട്രീയം പറയുന്ന നാടകം

ഭക്ഷണം വെറും വിശപ്പടക്കാനുള്ള ഉപാധിയല്ല; അത് ഒരു രാഷ്ട്രീയ പ്രഖ്യാപനമാണെന്ന ശക്തമായ ആശയമാണ് തമിഴ് നാടകമായ ‘നൂറമ്മ ബിരിയാണി ദര്‍ബര്‍’ വേദിയില്‍ ഉന്നയിക്കുന്നത്. 75 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ നാടകം ഭക്ഷണത്തിന്റെ രാഷ്ട്രീയം, ലിംഗപദവി, സ്വത്വബോധം തുടങ്ങിയ വിഷയങ്ങളെ ആഴത്തില്‍ ചര്‍ച്ച ചെയ്തു. ചെന്നെയിലെ കട്ടിക്കാരി തിയേറ്റര്‍ ഗ്രൂപ്പ് അവതരിപ്പിച്ച നാടകം ‘ഇറ്റ് ഫോക്ക്’ വേദിയിലായിരുന്നു അരങ്ങേറിയത്.

നാം എന്ത് കഴിക്കണം, എന്ത് കഴിക്കരുത് എന്നതുവരെ അധികാരത്തിന്റെ അടയാളമാകുന്ന സമൂഹത്തില്‍ ആരുടെ രുചികളും അനുഭവങ്ങളും മാറ്റിനിര്‍ത്തപ്പെടുന്നു എന്ന അസ്വസ്ഥമാക്കുന്ന ചോദ്യങ്ങളാണ് നാടകം ഉയര്‍ത്തുന്നത്. ട്രാന്‍സ് വുമണും പാചകകലാകാരിയുമായ നൂറമ്മയുടെ ജീവിതം ആധാരമാക്കിയുള്ള കഥ, വെറും പാചകക്കുറിപ്പുകളെക്കാള്‍ ഏറെ—തലമുറകളായി അനുഭവിച്ചറിഞ്ഞ ജീവിത യാഥാര്‍ത്ഥ്യങ്ങളെയാണ് തുറന്നുകാട്ടുന്നത്.

യഥാര്‍ത്ഥ അനുഭവസാക്ഷ്യങ്ങളെ ആസ്പദമാക്കി, നോവും നര്‍മ്മവും രാഷ്ട്രീയവും ഇഴചേര്‍ത്തൊരുക്കിയ ഈ കലാസൃഷ്ടി അദൃശ്യമാക്കപ്പെട്ട അധ്വാനങ്ങള്‍ക്കും മൗനിപ്പിക്കപ്പെട്ട ശബ്ദങ്ങള്‍ക്കും അര്‍പ്പിക്കുന്ന ആദരവായി മാറുന്നു. മനുഷ്യത്വത്തിന്റെ രാഷ്ട്രീയം തേടുന്നവര്‍ക്ക് ഇത് ഒരു അവിസ്മരണീയമായ നാടകാനുഭവമാണെന്ന് പ്രേക്ഷകര്‍ സാക്ഷ്യപ്പെടുത്തി.

നാടകത്തിലെ മുഖ്യവേഷത്തില്‍ ആക്ടിവിസ്റ്റ് എ. രേവതി ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. ശ്രീജിത്ത് സുന്ദര്‍ ആണ് നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *