ന്യൂഡൽഹി: 2023 ജൂലൈ മുതൽ 2026 ജൂൺ വരെ ഇന്ത്യ 12 റോക്കറ്റ് വിക്ഷേപണ ദൗത്യങ്ങളും, 11 ദേശീയ ഉപഗ്രഹങ്ങളും, ഒമ്പത് വിദേശ ഉപഭോക്താക്കളുടെ ഉപഗ്രഹങ്ങളും വിജയകരമായി വിക്ഷേപിച്ചതായി കേന്ദ്ര സർക്കാർ രാജ്യസഭയെ അറിയിച്ചു.
ഈ കാലയളവിൽ ചന്ദ്രയാൻ-3 ദൗത്യത്തിലൂടെ ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിന് സമീപം സോഫ്റ്റ് ലാൻഡിങ് നടത്തിയ ആദ്യ രാജ്യമെന്ന നേട്ടവും, ആദിത്യ-എൽ1 സൗര ദൗത്യത്തിൻ്റെ വിക്ഷേപണവും, സ്പാഡെക്സ് (SPADEX) ദൗത്യത്തിലൂടെ ബഹിരാകാശ ഡോക്കിങ് സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ച നാലാമത്തെ രാജ്യമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി. കൂടാതെ, നാസ-ഇസ്രോ നിസാർ (NISAR) ദൗത്യവും വിജയകരമായി വിക്ഷേപിച്ചു.
ശ്രീഹരിക്കോട്ടയിൽ മൂന്നാമത്തെ വിക്ഷേപണ പാഡ് സ്ഥാപിക്കുന്നതിനും തമിഴ്നാട്ടിലെ കുളശേഖരപട്ടണത്ത് എസ്എസ്എൽവി (SSLV) വിക്ഷേപണ സമുച്ചയം വികസിപ്പിക്കുന്നതിനും സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സ്വകാര്യ മേഖലയിലെ പങ്കാളിത്തം വർധിപ്പിക്കാൻ വിവിധ നടപടികൾ നടപ്പാക്കുകയാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
രാജ്യസഭയിൽ കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.





