തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ കേരളത്തോടുള്ള തുടർച്ചയായ അവഗണനയ്‌ക്കെതിരെ കേരള നിയമസഭ ശക്തമായ പ്രമേയം പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയം സഭ അംഗീകരിച്ചു. വര്‍ഷങ്ങളായി കേരളം ഉന്നയിച്ച ന്യായയുക്തവും അനിവാര്യവുമായ ആവശ്യങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ യാതൊരു പരിഗണനയും നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഇത് ജനാധിപത്യ ഫെഡറല്‍ മൂല്യങ്ങളെ തുറന്നുവെച്ച അവഹേളനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളം ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന എയിംസ് സ്ഥാപനം ഇന്നും യാഥാര്‍ഥ്യമാകാത്തതില്‍ മുഖ്യമന്ത്രി കടുത്ത വിമര്‍ശനം ഉന്നയിച്ചു. ആവശ്യമായ ഭൂമി കണ്ടെത്തുകയും ഏറ്റെടുക്കുന്നതിനുള്ള എല്ലാ നടപടികളും സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു നീക്കവും ഉണ്ടായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതുപോലെ, സാങ്കേതിക മാതൃക ഏതായാലും കേരളത്തിന് ഒരു അതിവേഗ റെയില്‍പാത അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിന്‍റെ ആവശ്യകത പലതവണ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെങ്കിലും ഈ വര്‍ഷത്തെ ബജറ്റിലും കേരളം പൂര്‍ണമായും അവഗണിക്കപ്പെട്ടതായി അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരം–മംഗലാപുരം റൂട്ടില്‍ മൂന്ന് മുതല്‍ നാല് വരെ റെയില്‍വേ ലൈനുകള്‍ക്കായുള്ള സര്‍വേ ആരംഭിക്കണമെന്ന ആവശ്യത്തിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങള്‍ക്കും സമതുലിതമായ വികസനം ഉറപ്പാക്കുമ്പോഴാണ് ദേശീയ പുരോഗതി സാധ്യമാകുന്നതെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ഒരു പ്രദേശത്തെ അവഗണന രാജ്യത്തെ മുഴുവന്‍ ദുർബലമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കേന്ദ്ര സര്‍ക്കാരിന്റെ സമീപനം കേരളത്തെ ആകെ നിരാശപ്പെടുത്തുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ശബരിമല സ്വര്‍ണ്ണക്കൊള്ള വിഷയത്തില്‍ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചതിന് പിന്നാലെയാണ് കേന്ദ്ര അവഗണനയ്‌ക്കെതിരായ ഈ പ്രമേയം നിയമസഭ പാസാക്കിയത്,





