കേരളത്തിൻ്റെ ഭൗതിക നേട്ടങ്ങളും ഉയർന്ന സാക്ഷരതയും എപ്പോഴും ചർച്ച ചെയ്യപ്പെടാറുണ്ടെങ്കിലും, മലയാളി സമൂഹം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഭീഷണി അതിവേഗം പടരുന്ന മാനസികാരോഗ്യ പ്രതിസന്ധിയാണ്. സ്ട്രെസ്സ്, ഉത്കണ്ഠ, കടുത്ത വിഷാദരോഗം, ഉയർന്ന ആത്മഹത്യാ നിരക്ക് എന്നിവയിൽ സംസ്ഥാനം മുൻപന്തിയിൽ നിൽക്കുന്നു എന്നത് ഗൗരവകരമായ യാഥാർത്ഥ്യമാണ്. ഈ നിശബ്ദ ദുരന്തത്തിൻ്റെ വേരുകൾ പരിശോധിക്കുമ്പോൾ, പതിറ്റാണ്ടുകളായി കേരളത്തിൻ്റെ സാമൂഹിക സംസ്കാരത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം, പ്രത്യേകിച്ച് സിപിഎം വരുത്തിവെച്ച പ്രത്യയശാസ്ത്രപരമായ മാറ്റങ്ങളും അവയുണ്ടാക്കിയ പ്രതികൂല ആഘാതങ്ങളും മാറ്റിനിർത്താൻ കഴിയില്ല.
മനുഷ്യ മനസ്സിന് ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് ‘സൈക്കോളജിക്കൽ സേഫ്റ്റി’ അഥവാ വൈകാരിക സുരക്ഷിതത്വം. നൂറ്റാണ്ടുകളായി കേരളീയ ജീവിതത്തിൽ ഈ സുരക്ഷിതത്വം ഉറപ്പുനൽകിയിരുന്നത് ഗ്രാമീണ കൂട്ടായ്മകളും, കുടുംബ ബന്ധങ്ങളും, ആചാരാനുഷ്ഠാനങ്ങളും, പ്രാർത്ഥനാ സദസ്സുകളുമായിരുന്നു. ഏത് വലിയ പ്രതിസന്ധിയിലും പ്രകൃതിക്കതീതമായ ഒരു ശക്തിയിലോ ദൈവത്തിലോ ഉള്ള ഉറച്ച വിശ്വാസം മനുഷ്യന് തളരാതിരിക്കാനുള്ള വലിയൊരു ആന്തരിക തണലായിരുന്നു. എന്നാൽ, പുരോഗമനത്തിൻ്റെയും യുക്തിവാദത്തിൻ്റെയും പേരുപറഞ്ഞ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഈ വിശ്വാസ വ്യവസ്ഥകളെയും സാംസ്കാരിക അനുഷ്ഠാനങ്ങളെയും അനാചാരങ്ങളായി മുദ്രകുത്തി കടന്നാക്രമിച്ചു. ഭൗതികവാദപരമായ പ്രത്യയശാസ്ത്രം ശക്തമായി അടിച്ചേൽപ്പിച്ചുകൊണ്ട്, ജനങ്ങളുടെ മനസ്സിൽ ആശ്വാസമേകിയിരുന്ന പരമ്പരാഗത കൂട്ടായ്മകളെ ഇവർ തച്ചുടച്ചു. എന്നാൽ, ഈ ആചാരങ്ങളും സാംസ്കാരിക അടിത്തറകളും ഇല്ലാതാക്കിയപ്പോൾ, പകരമായി മനുഷ്യ മനസ്സിന് താങ്ങാകുന്ന ഒരു വൈകാരിക സംവിധാനം കെട്ടിപ്പടുക്കാൻ അവർക്ക് സാധിച്ചതുമില്ല. ഇതിൻ്റെ പ്രത്യാഘാതമായി ജനങ്ങളുടെ സ്വാഭാവികമായ ആന്തരിക സുരക്ഷിതത്വ ബോധം തകരുകയും, ചെറുതടസ്സങ്ങളിൽ പോലും മനുഷ്യർ കടുത്ത വിഷാദത്തിലേക്കും നിരാശയിലേക്കും കൂപ്പുകുത്തുകയും ചെയ്യുന്ന അവസ്ഥ സംജാതമായി.
സഹകരണവും സ്നേഹവും നിലനിന്നിരുന്ന കേരളീയ ഗ്രാമങ്ങളിൽ ‘വർഗ്ഗസമരം’ എന്ന ആശയത്തിൻ്റെ മറവിൽ രാഷ്ട്രീയ വിദ്വേഷവും വിഭാഗീയതയും വിത്തുപാകിയത് ഈ പ്രസ്ഥാനമാണ്. അയൽപക്കങ്ങളെയും കുടുംബങ്ങളെയും രാഷ്ട്രീയത്തിൻ്റെ പേരിൽ ശത്രുക്കളാക്കി മാറ്റിയതോടെ, ഗ്രാമീണ ജീവിതത്തിലെ നന്മയും സമാധാനവും നഷ്ടപ്പെട്ടു. എതിരഭിപ്രായമുള്ളവരെ കായികമായി അടിച്ചമർത്തുന്ന അക്രമ രാഷ്ട്രീയവും കൊലപാതക സംസ്കാരവും ഇവർ പ്രോത്സാഹിപ്പിച്ചു. പ്രകോപനപരമായ നിലപാടുകളിലൂടെ കൗമാരക്കാരെയും യുവാക്കളെയും തെരുവുകളിലേക്ക് തള്ളിവിട്ട് അവരുടെ ഭാവി നശിപ്പിച്ചു. പാർട്ടി തണലിൽ ഗുണ്ടകളെയും കൊലപാതകികളെയും സംരക്ഷിക്കുന്ന രീതി നിയമവാഴ്ചയോടുള്ള വെല്ലുവിളിയായി മാറിയപ്പോൾ, സാധാരണക്കാരായ ജനങ്ങൾ നിരന്തരമായ ഭയത്തിലും പിരിമുറുക്കത്തിലുമാണ് ജീവിക്കുന്നത്.
ഇതിനുപുറമേ, വിദ്യാലയങ്ങളെയും കോളേജുകളെയും പഠനകേന്ദ്രങ്ങൾ എന്നതിലുപരി പാർട്ടി താവളങ്ങളാക്കി മാറ്റി എന്ന ആക്ഷേപവും ശക്തമാണ്. ക്യാമ്പസുകളിൽ സ്വതന്ത്ര ചിന്തകളെ കായികമായി അടിച്ചമർത്തുകയും, അധ്യാപകരെയും സഹപാഠികളെയും ഭയപ്പെടുത്തുകയും ചെയ്യുന്ന രീതി സൃഷ്ടിക്കപ്പെട്ടു. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഈ രാഷ്ട്രീയ ഇടപെടലുകളും അഴിമതിയും യോഗ്യതയുള്ള ആയിരക്കണക്കിന് യുവാക്കളെ കടുത്ത നിരാശയിലേക്കാണ് തള്ളിയിട്ടത്. സ്വന്തം നാട്ടിൽ അവസരങ്ങളോ സമാധാന അന്തരീക്ഷമോ ഇല്ലാതെ, ആയിരക്കണക്കിന് ചെറുപ്പക്കാർ ഉന്നത പഠനത്തിനും ജോലിക്കുമായി നാടുവിടാൻ (Brain Drain) നിർബന്ധിതരാകുന്നു.
കമ്പ്യൂട്ടർ, സ്വാശ്രയ സ്ഥാപനങ്ങൾ, ആധുനിക അടിസ്ഥാന സൗകര്യ വികസനങ്ങൾ തുടങ്ങി എല്ലാ പുരോഗമന ശ്രമങ്ങളെയും മുൻകാലങ്ങളിൽ കായികമായി എതിർത്ത ചരിത്രമാണ് ഈ പ്രസ്ഥാനത്തിനുള്ളത്. വ്യവസായ സൗഹൃദമല്ലാത്ത അന്തരീക്ഷവും സമരം സംസ്കാരവും കാരണം തദ്ദേശീയമായി തൊഴിലവസരങ്ങൾ ഇല്ലാതായി. പിൻവാതിൽ നിയമനങ്ങളിലൂടെ സ്വന്തക്കാർക്ക് തസ്തികകൾ വീതിച്ചു നൽകിയപ്പോൾ അർഹരായ ഉദ്യോഗാർത്ഥികൾ തെരുവിൽ പട്ടിണി കിടക്കേണ്ട അവസ്ഥ വന്നു. വികസനം തടസ്സപ്പെടുത്തിയ പാരമ്പര്യം പിന്നീട് തക്കം പാർത്ത് തങ്ങളുടേതാക്കി മാറ്റുന്ന ഇരട്ടത്താപ്പും ഇവർ കാണിച്ചു.
പരമ്പരാഗതമായ മാനുഷിക മൂല്യങ്ങളെയും ആത്മീയ ആശ്വാസങ്ങളെയും തച്ചുടച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം, പകരമായി ഭയവും അക്രമവും അനിശ്ചിതത്വവും നിറഞ്ഞ ഒരു അന്തരീക്ഷമാണ് സമൂഹത്തിന് സമ്മാനിച്ചത്. ജനങ്ങളുടെ വൈകാരികവും മാനസികവുമായ സുരക്ഷിതത്വം കവർന്നെടുത്ത ഇവർ, ഒരു വലിയ തലമുറയെ സട്രെസ്സിലേക്കും വിഷാദത്തിലേക്കും തള്ളിയിടുകയാണ് ചെയ്തത്. ആധുനികത കൈവരിക്കുമ്പോൾ തന്നെ, മനുഷ്യനെ പരസ്പരബന്ധിതനാക്കുന്ന മാനുഷിക മൂല്യങ്ങളെയും സാംസ്കാരിക കൂട്ടായ്മകളെയും സംരക്ഷിച്ചില്ലെങ്കിൽ സമൂഹത്തിന്റെ സമാധാനപരമായ നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുമെന്ന മുന്നറിയിപ്പാണ് കേരളത്തിലെ ഇന്നത്തെ അവസ്ഥ നൽകുന്നത്.





