തൃശൂർ: ദേശീയ പാതയിലെ ഗുരുതരമായ ഗതാഗതക്കുരുക്ക് പരിഹരിക്കാനായി പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ പിരിവ് താത്കാലികമായി നിർത്തിവെക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. തിരക്കുകളും യാത്രക്കാർക്ക് നേരിടുന്ന ബുദ്ധിമുട്ടുകളും കണക്കിലെടുത്താണ് തീരുമാനം. സുഗമമായ ഗതാഗത സൗകര്യം ഉറപ്പുവരുത്തുന്നതുവരെ ടോൾ പിരിവ് ഒഴിവാക്കും.
ഉത്തരവ് നാഷണല്‍ ഹൈവേ അതോറിറ്റി പാലിക്കുന്നുണ്ടെന്ന് തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ഉറപ്പുവരുത്തണം. ഗതാഗതക്കുരുക്ക് നീങ്ങിയ ശേഷം മാത്രം ഉത്തരവ് പുന:പരിശോധിക്കും.
ചിറങ്ങര അടിപ്പാത നിർമാണം, പെരാമ്പ്ര, മുരിങ്ങൂർ എന്നിവിടങ്ങളിലെ ജോലികൾ എന്നിവയെ തുടർന്ന് ദേശീയ പാത 544-ൽ വ്യാപകമായ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. ഇതിന്മേൽ 2025 ഫെബ്രുവരി മുതൽ ജില്ലാ ഭരണകൂടം പലതവണ എൻഎച്ച്എഐയുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല.
ചാലക്കുടി ഡിവൈഎസ്‌പി, ആർടിഒ, തഹസിൽദാർ എന്നിവരുടെ സംയുക്ത പരിശോധനയിൽ സുരക്ഷാമുന്‍കരുതലുകളുടെ അഭാവം, ഫ്‌ലാഗ്മാനെ നിയോഗിക്കാത്തത്, റോഡുകളിൽ വെളിച്ചം, ബോർഡുകൾ, ബാരിക്കേഡുകൾ തുടങ്ങിയവയുടെ അഭാവം, ഡ്രെയിനേജ് സംവിധാനത്തിലെ അപാകതകൾ തുടങ്ങിയവ ചൂണ്ടിക്കാണിച്ചു.
അശാസ്ത്രീയവും ആസൂത്രണമില്ലാത്തതുമായ നിർമാണപ്രവർത്തനങ്ങൾ ഗുരുതരമായി പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയതായി കളക്ടറുടെ ഉത്തരവിൽ വ്യക്തമാക്കി. ആശുപത്രികൾ, എയർപോർട്ട് എന്നിവയിലേക്കുള്ള അടിയന്തര യാത്രകൾ പോലും മണിക്കൂറുകളോളം തടസ്സപ്പെടുന്നുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.





