Culture Kerala News Politics Program

സുരേഷ് ഗോപിയുടെ ഇടപെടലിൽ പുലികളി സംഘങ്ങൾക്കുള്ള കേന്ദ്രസഹായം അനുവദിച്ചു: ജസ്റ്റിൻ ജേക്കബ്

തൃശ്ശൂർ: കഴിഞ്ഞ വർഷത്തെ പുലികളി സംഘങ്ങൾക്കായി കേന്ദ്ര ടൂറിസം മന്ത്രാലയം അനുവദിച്ചിരുന്ന ₹24 ലക്ഷം ധനസഹായം, തൃശ്ശൂർ എംപിയും കേന്ദ്ര ടൂറിസം സഹമന്ത്രിയുമായ സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടർന്നാണ് അനുവദിച്ചതെന്ന് ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

2025-ലെ പുലികളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം അനുവദിക്കുന്നതിനായി ഒരു തവണത്തേക്കുള്ള പ്രത്യേക ഇളവ് അനുവദിച്ചതായി കേന്ദ്ര ടൂറിസം മന്ത്രാലയം കേരള ടൂറിസം സെക്രട്ടറിക്ക് അയച്ച ഔദ്യോഗിക കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യമായ സാമ്പത്തിക അനുമതികൾക്ക് വിധേയമായി ₹24 ലക്ഷം റിലീസ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും കത്തിൽ പറയുന്നു.കേന്ദ്ര സർക്കാർ നിഷ്‌കർഷിച്ച മാർഗനിർദേശങ്ങളും രേഖകളും യഥാസമയം സമർപ്പിക്കാത്തതും മറ്റ് നടപടിക്രമങ്ങൾ പാലിക്കാത്തതുമാണ് ധനസഹായം വൈകാൻ കാരണമായതെന്ന് ജസ്റ്റിൻ ജേക്കബ് ആരോപിച്ചു. ജില്ലാ ഭരണകൂടത്തിന്റെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും വീഴ്ചയാണ് ഫണ്ട് തടസപ്പെടാൻ ഇടയായതെന്നും അദ്ദേഹം പറഞ്ഞു.ഈ വിഷയത്തിൽ സുരേഷ് ഗോപി തെറ്റായ വിവരം പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച് അദ്ദേഹത്തിനെതിരെ വ്യാപകമായ പ്രചാരണം നടന്നിരുന്നു.

എന്നാൽ, പുലികളി സംഘങ്ങളുടെ പ്രതിനിധികളെ നേരിൽ കണ്ട് ധനസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സുരേഷ് ഗോപി ഉറപ്പ് നൽകിയിരുന്നു. തുടർന്ന് കേന്ദ്ര ടൂറിസം മന്ത്രാലയവുമായി നിരന്തരം ബന്ധപ്പെട്ട് വിഷയത്തിൽ ഇടപെട്ടതിന്റെ ഫലമായാണ് പ്രത്യേക ഇളവ് അനുവദിച്ച് ഫണ്ട് റിലീസ് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചതെന്ന് ജസ്റ്റിൻ ജേക്കബ് പറഞ്ഞു.

കേരളത്തിന്റെ തനത് സാംസ്‌കാരിക പൈതൃകമായ പുലികളിക്ക് കേന്ദ്ര സർക്കാർ നൽകുന്ന പിന്തുണ തുടരുമെന്നും, ഭാവിയിൽ കേന്ദ്ര സർക്കാർ നിർദേശിക്കുന്ന നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചാൽ ഇത്തരം കാലതാമസങ്ങൾ ഒഴിവാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *