ന്യൂഡൽഹി: പരമ്പരാഗത കൽക്കരി ഖനന പ്രവർത്തനങ്ങൾക്കപ്പുറം ഊർജം, നിർണായക ധാതുക്കൾ, നൂതന വസ്തുക്കൾ, ഗവേഷണം തുടങ്ങിയ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ച് കോൾ ഇന്ത്യ ലിമിറ്റഡ് (സിഐഎൽ).
കൽക്കരി ഗ്യാസിഫിക്കേഷൻ, കോൾ-ടു-കെമിക്കൽസ്, താപവൈദ്യുതി, പുനരുപയോഗ ഊർജവും സംഭരണ സംവിധാനങ്ങളും, നിർണായക ധാതുക്കളും നൂതന വസ്തുക്കളും, ഇരുമ്പയിര് ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന ധാതുക്കളുമാണ് കമ്പനിയുടെ പ്രധാന വികസന മേഖലകൾ.
ഏകദേശം 69,346 കോടി രൂപയുടെ നിക്ഷേപം ഉൾപ്പെടുന്ന നാല് പ്രധാന കോൾ-ടു-കെമിക്കൽസ് പദ്ധതികൾ സിഐഎല്ലിനുണ്ട്. യൂറിയ, അമോണിയം നൈട്രേറ്റ്, സിന്തറ്റിക് നാച്ചുറൽ ഗ്യാസ് എന്നിവ ഉൽപ്പാദിപ്പിക്കുന്ന പദ്ധതികളാണ് ഇതിൽ ഉൾപ്പെടുന്നത്.
2×800 മെഗാവാട്ട് ചന്ദ്രപുര അൾട്രാ-സൂപ്പർക്രിട്ടിക്കൽ വൈദ്യുതി വികസന പദ്ധതി, ഏകദേശം 550 മെഗാവാട്ട് സൗരോർജ ശേഷി, ഗ്രിഡ് തലത്തിലുള്ള ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതികൾ എന്നിവയും കമ്പനിയുടെ പുതിയ സംരംഭങ്ങളിൽ ഉൾപ്പെടുന്നു.
ഊർജ-ധാതു സുരക്ഷ ശക്തിപ്പെടുത്തുക, ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുക, തദ്ദേശീയ സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുക, കുറഞ്ഞ കാർബൺ വളർച്ചയ്ക്ക് പിന്തുണ നൽകുക എന്നിവയാണ് വൈവിധ്യവത്കരണത്തിന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് കമ്പനി വ്യക്തമാക്കി.





