Kerala Medical News Politics

ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടത്തിലേക്ക്; രമേശ് ചെന്നിത്തല

ഓപ്പറേഷൻ തൂഫാൻ നിർണായകമായ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം സെപ്റ്റംബർ 28ന് മലപ്പുറത്തെ വേങ്ങരയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും ജനജാഗ്രതാസമിതികൾ രൂപീകരിച്ച് ലഹരിക്കെതിരായ ബോധവൽക്കരണം ശക്തമാക്കുകയാണ് രണ്ടാംഘട്ടത്തിലൂടെ ലക്ഷ്യമിടുന്നത്. ഓപ്പറേഷൻ തൂഫാന്റെ ആദ്യഘട്ടത്തിലെ നടപടികളിലൂടെ ലഹരിവിതരണത്തിൽ മുപ്പത് ശതമാനത്തോളം കുറവ് വരുത്താനായെന്ന് മന്ത്രി അറിയിച്ചു. ലഹരിയുടെ ആവശ്യകതയിൽ കുറവ് വരുത്തുകയും പുനരധിവാസം ശക്തിപ്പെടുത്തുകയുമാണ് രണ്ടാംഘട്ടത്തിന്റെ ഉദ്ദേശ്യം.

തൂഫാൻ നാർക്കോ ഹണ്ട് എല്ലാ വാർഡുകളിലേക്കും വ്യാപിപ്പിക്കും. പഞ്ചായത്തുകൾ, നഗരസഭകൾ, കോർപ്പറേഷനുകൾ എന്നിവയ്‌ക്കൊപ്പം റെസിഡന്റ്‌സ് അസോസിയേഷനുകൾ ഉൾപ്പെടെയുള്ള പ്രാദേശിക കൂട്ടായ്മകളെയും ഇതിന്റെ ഭാഗമാക്കും. പൊലീസിന്റെ ഇടപെടലിന് മുമ്പുതന്നെ സമൂഹത്തിന് അപകടസാധ്യത തിരിച്ചറിയാൻ കഴിയുന്ന Early Intervention സംവിധാനം ഇതിലൂടെ സൃഷ്ടിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

സെപ്റ്റംബർ 28ന് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും തൂഫാൻ പതാകകൾ ഉയർത്തും. ജനപ്രതിനിധികൾക്കൊപ്പം കുടുംബശ്രീ, ആശാ പ്രവർത്തകർ, ഹരിതകർമസേന, യുവജന-കായിക സംഘടനകൾ തുടങ്ങിയവയുടെ പ്രതിനിധികൾ തൂഫാൻ വാറിയർമാരായി പ്രതിജ്ഞയെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *