Education Kerala News Politics

വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് സിദ്ധാർത്ഥൻ ആപ്പ്; പരാതികൾ രഹസ്യമായി അറിയിക്കാം: മുഖ്യമന്ത്രി

തിരുവനന്തപുരം: ക്യാമ്പസുകളിൽ വിദ്യാർത്ഥികൾ ഒറ്റയ്ക്കല്ലെന്നും അവർക്കൊപ്പം സമൂഹവും സർക്കാരുമുണ്ടെന്ന ഉറപ്പാണ് സിദ്ധാർഥൻ ആപ്പെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവും ലക്ഷ്യമിട്ട് ഡിജിറ്റൽ സർവകലാശാല വികസിപ്പിച്ച സിദ്ധാർത്ഥ് സ്റ്റുഡൻ്റ് വെൽഫെയർ ആപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം ഗവൺമെൻ്റ് വിമൻസ് കോളേജിൽ നടന്ന ചടങ്ങിൽ ആപ്പിൻ്റെ മാതൃക ഡിജിറ്റൽ സർവകലാശാല വിദ്യാർത്ഥിനി പൗശാലിക്ക് കൈമാറിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. വിദ്യാർത്ഥിനിയുടെ ഫോണിൽനിന്ന് ആപ്പിലേക്ക് അയച്ച സന്ദേശം ബന്ധപ്പെട്ട അധികാരികൾക്ക് തത്സമയം ലഭിക്കുന്നതും ചടങ്ങിൽ പ്രദർശിപ്പിച്ചു. സിദ്ധാർഥൻ്റെ അമ്മയും പരിപാടിയിൽ പങ്കെടുത്തിരുന്നു.

ഇനി മറ്റൊരു വിദ്യാർത്ഥിക്കും സിദ്ധാർഥൻ്റെ അനുഭവം ഉണ്ടാകരുതെന്ന അമ്മയുടെ വാക്കുകളാണ് ആപ്പിൻ്റെ രൂപീകരണത്തിന് പ്രചോദനമായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പരാതികളോ മാനസിക പ്രയാസങ്ങളോ നേരിടുന്ന വിദ്യാർത്ഥികൾക്ക് സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താതെ ആപ്പിലൂടെ സന്ദേശങ്ങൾ അയയ്ക്കാനുള്ള സാഹചര്യം ഈ ആപ്പിൽ തയ്യാറാക്കിയിട്ടുണ്ട്. റാഗിങ് നടത്തുന്നവർക്കുള്ള ശക്തമായ മുന്നറിയിപ്പുകൂടിയാണിതെന്നും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ ഒരു ക്യാമ്പസിലേക്കും മക്കളെ അയയ്ക്കാൻ മാതാപിതാക്കൾക്ക് ആശങ്കയുണ്ടാകരുതെന്നാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ പറഞ്ഞു. റാഗിങ്ങിന് പുറമെ ക്യാമ്പസുകളിലെ അക്രമങ്ങളും അരാജകത്വവും ഭീഷണികളും അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റാഗിങ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ രഹസ്യമായി റിപ്പോർട്ട് ചെയ്യാനും സഹായം തേടാനും ആപ്പിലൂടെ സൗകര്യമുണ്ട്. വ്യക്തിവിവരങ്ങൾ വെളിപ്പെടുത്താതെ ഓഡിയോ പരാതികൾ രേഖപ്പെടുത്തുന്നതിനും സുരക്ഷാ വിവരങ്ങൾ ബന്ധപ്പെട്ട അധികാരികളിലേക്ക് കൈമാറുന്നതിനും സാധിക്കും.

ആപ്പിന് നിയമപരമായ പിന്തുണ ഉറപ്പാക്കുന്നതിനും സംസ്ഥാന ആൻ്റി റാഗിങ് കമ്മീഷൻ രൂപീകരിക്കുന്നതിനുമായി സിദ്ധാർത്ഥ് ആൻ്റി റാഗിങ് ആക്ടിൻ്റെ കരട് സർക്കാർ പരിഗണിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *