ന്യൂഡൽഹി: രാജ്യത്തെ എല്ലാ ഗ്രാമീണ കുടുംബങ്ങൾക്കും സുരക്ഷിതവും ശുദ്ധവുമായ കുടിവെള്ളം വീട്ടിലെ ടാപ്പ് കണക്ഷനിലൂടെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ജൽ ജീവൻ മിഷൻ്റെ (JJM) ഭാഗമായി ഗ്രാമീണ കുടിവെള്ള പദ്ധതികളുടെ ദീർഘകാല സുസ്ഥിരത ഉറപ്പാക്കാൻ ‘ജൽ അർപ്പൺ’ (Jal Arpan) പദ്ധതി കേന്ദ്ര സർക്കാർ നടപ്പാക്കുന്നു.
2019 ഓഗസ്റ്റിൽ ആരംഭിച്ച ജൽ ജീവൻ മിഷൻ്റെ ഭാഗമായി ഓരോ ഗ്രാമീണ കുടുംബത്തിനും പ്രതിദിനം ഒരാൾക്ക് 55 ലിറ്റർ എന്ന തോതിൽ ബിഐഎസ് (BIS:10500) നിലവാരമുള്ള സുരക്ഷിത കുടിവെള്ളം ദീർഘകാലാടിസ്ഥാനത്തിൽ ടാപ്പ് കണക്ഷൻ വഴി ലഭ്യമാക്കുകയാണ് ലക്ഷ്യം.
ഗ്രാമീണ കുടിവെള്ള പദ്ധതികൾ വിജയകരമായി പ്രവർത്തനം ആരംഭിച്ചതിൻ്റെ ഭാഗമായി ജനപ്രതിനിധികൾ, ഗ്രാമസഭകൾ, പ്രാദേശിക സമൂഹങ്ങൾ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന പൊതുപരിപാടിയാണ് ‘ജൽ അർപ്പൺ’. പദ്ധതികളുടെ ദീർഘകാല പരിപാലനത്തിലും ജനപങ്കാളിത്തം ഉറപ്പാക്കുകയുമാണ് ഇതിൻ്റെ പ്രധാന ഉദ്ദേശ്യം.
ജൽ ജീവൻ മിഷൻ്റെ ഭാഗമായി ഗ്രാമീണ കുടിവെള്ള വിതരണത്തിൻ്റെ സുദീർഘവും തടസ്സമില്ലാത്തതുമായ നടത്തിപ്പിന് പ്രോത്സാഹനം നൽകുന്നതിനായി ‘കമ്മ്യൂണിറ്റി മാനേജ്ഡ് പൈപ്പ്ഡ് വാട്ടർ സിസ്റ്റംസ്’ എന്ന സ്റ്റാൻഡേർഡ് ഹാൻഡ്‌ബുക്കും കേന്ദ്ര സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.
ജലവിതരണ പദ്ധതികൾ ഔദ്യോഗികമായി കൈമാറുന്നതിന് മുമ്പ് ഗ്രാമപഞ്ചായത്തുകൾ, വില്ലേജ് വാട്ടർ ആൻഡ് സാനിറ്റേഷൻ കമ്മിറ്റികൾ (VWSC), പാനി സമിതി അംഗങ്ങൾ എന്നിവരുടെ പങ്കാളിത്തത്തോടെ 15 ദിവസത്തെ പരീക്ഷണ പ്രവർത്തനം (ട്രയൽ റൺ) നിർബന്ധമാക്കിയിട്ടുണ്ടെന്ന് ഹാൻഡ്‌ബുക്കിൽ വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതികൾ സുഗമമായി കൈമാറുന്നതിനും ദീർഘകാല സുസ്ഥിര പ്രവർത്തനം ഉറപ്പാക്കുന്നതിനുമാണ് ഈ നടപടി.





