മുംബൈ: ഗണേശോത്സവത്തിന്റെ സമാപന ദിവസമായ വെള്ളിയാഴ്ച നടക്കുന്ന വിഗ്രഹ നിമജ്ജന ഘോഷയാത്രകൾ കണക്കിലെടുത്ത് മുംബൈയിൽ കനത്ത സുരക്ഷ ഒരുക്കി. 24,000ത്തിലേറെ പൊലീസ് ഉദ്യോഗസ്ഥരെയും സുരക്ഷാ ജീവനക്കാരെയുമാണ് നഗരത്തിൽ വിന്യസിക്കുന്നത്.
സെപ്റ്റംബർ 14ന് ആരംഭിച്ച ഗണേശോത്സവത്തിന് അനന്ത ചതുർദശി ദിനത്തിലെ വിഗ്രഹ നിമജ്ജനത്തോടെയാണ് സമാപനം. ലക്ഷക്കണക്കിന് ഭക്തർ ഘോഷയാത്രകളിലും നിമജ്ജന ചടങ്ങുകളിലും പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
മുംബൈ പൊലീസിന്റെയും ട്രാഫിക് വിഭാഗത്തിന്റെയും നേതൃത്വത്തിൽ ആറ് ജോയിന്റ് കമ്മീഷണർമാർ, ഒമ്പത് അഡീഷണൽ കമ്മീഷണർമാർ, 38 ഡെപ്യൂട്ടി കമ്മീഷണർമാർ, 66 അസിസ്റ്റന്റ് കമ്മീഷണർമാർ എന്നിവർ സുരക്ഷാ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.
ഇതിന് പുറമെ 3,213 പൊലീസ് ഉദ്യോഗസ്ഥർ, 18,940 മറ്റ് സുരക്ഷാ ജീവനക്കാർ, 1,050 പരിശീലനത്തിലുള്ള ഉദ്യോഗസ്ഥർ എന്നിവരെയും വിന്യസിക്കും.
വലിയ ജനത്തിരക്ക് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ ഘോഷയാത്രകൾ സുഗമമായി നടത്തുന്നതിനും ഗതാഗത നിയന്ത്രണം ഉറപ്പാക്കുന്നതിനും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.





