മഹബൂബ് പി എ

കേരള മുഖ്യമന്ത്രി വി.ഡി.സതീശൻ എല്ലാ ബുധനാഴ്ചയും തിരുവനന്തപുരത്ത് വാർത്താ സമ്മേളനം നടത്തും. അന്നാണ് മന്ത്രിസഭാ യോഗം. മന്ത്രിസഭ എടുത്ത തീരുമാനങ്ങൾ ജനങ്ങളെ നേരിട്ടറിയിക്കുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് എത്തുന്നത്.
ഏറെ സൗമ്യമായി ജനങ്ങളുടെ (മാധ്യമപ്രവർത്തകർ) ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നല്കുന്ന ശൈലിയാണ് ഇപ്പോഴത്തെ മുഖ്യമന്ത്രിയുടേത്.
എന്നാൽ അത് ജനങ്ങൾക്ക് ഉപകാരപ്പെടും വിധം പ്രയോജനപ്പെടുത്താൻ
മാധ്യമ പ്രവർത്തകർക്ക് കഴിയുന്നില്ല.
എന്തൊരു ബഹളമാണ്. ഒരു അച്ചടക്കവുമില്ല. കാക്ക കൂട്ടിൽ കല്ലിട്ടതു പോലെ.
മുഖ്യമന്ത്രി കസേരയിൽ ശാന്തനായി മാധ്യമങ്ങൾക്ക് മുമ്പിൽ ഇരുന്ന് തരുകയാണ്.
ഇങ്ങിനെ കലപില കൂട്ടേണ്ടതുണ്ടോ? മാധ്യമ പ്രവർത്തകർ സ്വയം വിമർശനമായി എടുത്ത് ഇക്കാര്യത്തിൽ ഒരു പുന: പരിശോധന നടത്തണം.
എല്ലാവരും കൂടി ഒരേ സമയം ഒരു ഡസൻ ചോദ്യങ്ങൾ ചോദിക്കുകയാണ്. അതുകൊണ്ട് തനിക്ക് ചോദ്യം മനസിലാകുന്നില്ലെന്ന് ഇന്നലെ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് തുറന്നു പറയേണ്ടി വന്നു. പൊതു ജനങ്ങളോടാണ് മുഖ്യമന്ത്രി തന്റെ നിസ്സഹായാവസ്ഥ ആവർത്തിച്ച് പറഞ്ഞത്.
മാധ്യമധർമ്മം ശരിയായി അന്തസോടെ നിർവഹിക്കണം.
മുഖ്യമന്ത്രിമാരെ ഈ രീതിയിലാണോ നാം കൈകാര്യം ചെയ്യണ്ടത് ?
വ്യത്യസ്ഥ രാഷ്ട്രീയ നിലപാടുകളുള്ള വാർത്താ സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന മാധ്യമപ്രവർത്തകർ സ്വാഭാവികമായും തലസ്ഥാനത്തുമുണ്ട്.
അവർ ഓരോരുത്തരെയും അറിയുകയും തിരിച്ചറിയുകയും ചെയ്യുന്ന ആളാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പൊതുപ്രവർത്തകർ. ഓരോ മാധ്യമ പ്രവർത്തകരും പ്രതിനിധാനം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ഉപകരിക്കുന്ന ചോദ്യങ്ങളൾ സ്വാഭാവികമാണ്. എന്നാൽ അതിന് മറുപടി പറയാൻ ഈ മുഖ്യമന്ത്രി റെഡിയാണല്ലോ.
ജനപക്ഷത്ത് നിന്ന് വർത്തിക്കേണ്ട മാധ്യമ പ്രവർത്തകർ ചോദ്യങ്ങളുടെ പേരിൽ കലപില കൂട്ടാതിരിക്കുക.
നിയമസഭയും മന്ത്രിസഭാ യോഗവും റിപ്പോർട്ട് ചെയ്യാൻ അവസരം കിട്ടിയ മുൻഗാമികൾക്ക് ഇന്നത്തെ മാധ്യമ പ്രവർത്തകരുടെ വാർത്താ സമ്മേളനത്തിലെ “കലപില ചോദ്യ” ശൈലിയോട് യോജിക്കാനാകില്ല.




