മുസ്ലിം ലീഗ് കോൺഗ്രസിനെ പൂർണമായും നിയന്ത്രിക്കുന്ന സാഹചര്യമാണുള്ളതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ ആരോപിച്ചു.
മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ലീഗാണ് കോൺഗ്രസിനെ നിയന്ത്രിച്ചതെന്നും, അതുകൊണ്ടാണ് പാർലിമെന്ററി പാർട്ടി യോഗത്തിൽ ഭൂരിപക്ഷ പിന്തുണ ലഭിച്ചില്ലെങ്കിലും വി.ഡി. സതീശൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
പി.എം. ശ്രീ പദ്ധതിയുടെ കാര്യത്തിൽ യു.ഡി.എഫ് കൺവീനറും കോൺഗ്രസ് നേതാവുമായ അടൂർ പ്രകാശ് പദ്ധതി മുന്നോട്ടുപോകുമെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി അതിനെ പരസ്യമായി തിരുത്തിയതിനെ തുടർന്ന് അടൂർ പ്രകാശിനും തന്റെ പ്രസ്താവന തിരുത്തേണ്ടി വന്നതായി വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ ആരോപിച്ചു.
മദ്യനയ വിഷയത്തിലും സമാനമായ സാഹചര്യമാണുണ്ടായതെന്നും, പി.കെ. കുഞ്ഞാലിക്കുട്ടി “സൂപ്പർ മുഖ്യമന്ത്രി”യുടെ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലീഗ് കോൺഗ്രസിനെ വിഴുങ്ങിയതിന്റെ ലക്ഷണങ്ങളാണ് ഇതെല്ലാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വിഷയത്തിൽ കോൺഗ്രസ് തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും, എന്ത് എതിർപ്പുണ്ടായാലും പി.എം. ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കേണ്ടിവരുമെന്നും വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ പറഞ്ഞു.




