ആലപ്പുഴ: നടിയെ ആക്രമിച്ച കേസിലെ നിർണായക സാക്ഷി, സിനിമാ സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു. വൃക്ക രോഗത്തെ തുടർന്ന് ചെങ്ങന്നൂരിലെ കെ.എം ചെറിയാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി കുടുംബം സാമ്പത്തിക സഹായം തേടിയിരുന്നു. കൂടാതെ, തലച്ചോറിൽ അണുബാധയും കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം അവസാനം മുതൽ ആരോഗ്യനില വഷളാകുകയായിരുന്നു.
ആസിഫ് അലി നായകനായ “കൗബോയ്” എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്നു ബാലചന്ദ്രകുമാർ. ദിലീപ് നായകനായ “പിക്ക് പോക്കറ്റ്” എന്ന സിനിമ സംവിധാനം ചെയ്യാൻ അദ്ദേഹം പദ്ധതിയിട്ടിരുന്നു. നടിയെ ആക്രമിച്ച കേസിൽ, ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ അദ്ദേഹം നടത്തിയിരുന്നു.