Culture India Kerala News

ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം മൃദംഗ വിദ്വാൻ ഡോ. ടി.കെ. മൂർത്തിയ്ക്ക് സമ്മാനിക്കും

2026ലെ ഗുരുവായൂർ ദേവസ്വം ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം പ്രശസ്ത മൃദംഗ വിദ്വാൻ, സംഗീത കലാനിധി ഡോ. ടി.കെ. മൂർത്തിയ്ക്ക് സമ്മാനിക്കും. ഒൻപത് പതിറ്റാണ്ടായി കർണാടക സംഗീത ശാഖയ്ക്ക് നൽകിയ ഉന്നതവും അനന്യവുമായ സംഭാവനകൾക്കാണ് പുരസ്കാരം.

103 വയസ്സിൻ്റെ നിറവിലെത്തിയ ടി.കെ. മൂർത്തി പത്മശ്രീ പുരസ്കാര സ്വീകർത്താവും രാജ്യത്തെ മുതിർന്ന കലാകാരനുമാണ്. ശ്രീഗുരുവായൂരപ്പൻ്റെ രൂപം ആലേഖനം ചെയ്ത 10 ഗ്രാം സ്വർണ്ണപ്പതക്കം, 50001 രൂപ, പ്രശസ്തിപത്രം, ഫലകം , പൊന്നാട എന്നിവയടങ്ങുന്നതാണ് പുരസ്കാരം.

ഗുരുവായൂർ ഏകാദശിയുടെ ഭാഗമായി ദേവസ്വം നടത്തുന്ന ചെമ്പൈ സംഗീതോൽസവത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ (നവംബർ 6ന് , 5 pm) വെച്ച് പുരസ്കാരം സമ്മാനിക്കും. കർണാടക സംഗീത ലോകത്തിലെ അതുല്യനായ മൃദംഗ വിദ്വാനും ഗുരുവുമാണ് ടി.കെ. മൂർത്തി. കേന്ദ്ര സർക്കാരിൻ്റെ സംഗീത നാടക അക്കാദമി ഫെലോഷിപ്പ്, മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീതകലാനിധി ബഹുമതി ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾക്ക് ഉടമയാണ് . കർണാടക സംഗീത രംഗത്തെ ഉന്നതശീർഷരായ സർവ്വ ശ്രീ അരിയക്കുടി രാമാനുജ അയ്യങ്കാർ, ചെമ്പൈ വൈദ്യനാഥ ഭാഗവതർ, ശെമ്മങ്കുടി ശ്രീനിവാസ അയ്യർ, ഡോ.എം.ബാലമുരളീകൃഷ്ണ, ഡോ.കെ.ജെ യേശുദാസ്, ലാൽഗുഡി ജയരാമൻ എന്നീ പ്രതിഭകൾക്കായി മൃദംഗത്തിൽ പക്കമേളമൊരുക്കി. പ്രശസ്തരായ നിരവധിമൃദംഗ വിദ്വാൻമാരുടെ ഗുരുവുമാണ് അദ്ദേഹം ദേവസ്വം ചെയർമാൻ ഏ.വി.ഗോപിനാഥിൻ്റെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന ഗുരുവായൂർ ദേവസ്വം ഭരണസമിതിയാണ് പുരസ്കാര അർഹനെ തീരുമാനിച്ചത്.

പ്രശസ്ത മൃദംഗ വിദ്വാൻമാരായ തിരുവനന്തപുരം വി സുരേന്ദ്രൻ, കോട്ടയം ജി സന്തോഷ് കുമാർ, ദേവസ്വം ചെയർമാൻ ഏ.വി.ഗോപിനാഥ്, ഭരണ സമിതി അംഗം ബ്രഹ്മശ്രീ.

മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവരുൾപ്പെട്ട പുരസ്കാര നിർണ്ണയ സമിതിയുടെ ശുപാർശ ദേവസ്വം ഭരണസമിതി അംഗീകരിക്കുകയായിരുന്നു. 2005ലാണ് ദേവസ്വം ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം ആരംഭിച്ചത്. ടി.വി.ഗോപാലകൃഷ്ണനായിരുന്നു ( വായ്പാട്ട്) ആദ്യ പുരസ്കാരം. 22മത്തെ പുരസ്കാരമാണ് ഡോ. ടി.കെ മൂർത്തിയെ തേടിയെത്തിയത്. ഭരണസമിതി യോഗത്തിൽ അംഗങ്ങളായ ബ്രഹ്മശ്രീ.മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ.പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, കെ.എസ്. ബാലഗോപാൽ ,എം.യു. ഷിനിജ അഡ്മിനിസ്ട്രേറ്റർ എസ്.ഹരിഗോപാൽ എന്നിവർ സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *