കൽപ്പറ്റ: സംസ്ഥാനത്ത് കൊണ്ടുവന്ന വനം വന്യജീവി നിയംബോധഗതി ബിൽ ഇലക്ഷൻ തട്ടിപ്പാണെന്നും നേരത്തെ തന്നെ കേന്ദ്രനയത്തിലുള്ള കാര്യങ്ങൾ മാത്രമാണ് പുതിയ ബില്ലെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നതെന്നും ബി.ജെ.പി ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.
ഇത്രയും കാലം കേന്ദ്ര സർക്കാറിനെ കുറ്റപ്പെടുത്തി വന്യജീവി ആക്രമണത്തെ ന്യായീകരിച്ച കേരളത്തിലെ ഇടത് പക്ഷ സർക്കാർ വയനാട്ടിലെ ജനതയോട് മാപ്പ് പറയാൻ തയ്യാറാവണം. നിയമനിർമാണത്തിലൂടെ പ്രശ്നം പരിഹരിക്കാൻ സാധിക്കുമായിരുന്നുവെങ്കിൽ കഴിഞ്ഞ ഒൻപത് വർഷം പിണറായി സർക്കാർ കളഞ്ഞെതെന്തിനാണെന്ന് ജനങ്ങളോട് പറയാൻ മുഖ്യമന്ത്രി തയ്യാറാവണം.
കര്‍ഷകരെ വന്യജീവി ആക്രമണത്തില്‍ നിന്ന് രക്ഷിക്കാൻ ബില്ലിലൂടെ ഒന്നും ചെയ്തിട്ടില്ല 1972-ലെ വന്യജീവി നിയമത്തിന്റെ നിലപാടു തന്നെയാണ് പുതിയ ബില്ലിലുമുള്ളത്
. വന്യജീവി സംരക്ഷണ നിയമത്തിലെ 11 (1) എ, 11 (1) ബി വകുപ്പുകള്‍ പ്രകാരം സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻ മാത്രമേ നടപടി സ്വീകരിക്കാന്‍ കഴിയൂ. കര്‍ഷകരുടെ പരാതികള്‍ മന്ത്രിസഭ 2024-ല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചെങ്കിലും സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. വന്യജീവി നിയമം നടപ്പാക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് എന്താണ് ഗുണമെന്ന് പറയാൻ തയ്യാറാകണം. വന്യ ജീവി ആക്രമണങ്ങൾ തടയാനും, കാർഷിക ഭൂമി സംരക്ഷിക്കാനും കാടും നാടും വേർതിരിക്കാൻ യാതൊരു നടപടികളും ബില്ലിലില്ല.
കഴിഞ്ഞ 10 വർഷത്തിനിടക്ക് 45 പേർ വന്യജീവി അക്രമണം മൂലം മരണപ്പെട്ടിട്ടുണ്ട്. നൂറു കണക്കിന് ആളുകൾക്ക് പരിക്ക്പറ്റിയിട്ടുണ്ട് ഇതിനെല്ലാം ഉത്തരവാദി സംസ്ഥാന സർക്കാറാണ്. ആഗോള അയ്യപ്പ സംഗമം നടത്തി വിശ്വാസികളുടെ വോട്ട് തട്ടാൻ നോക്കുന്നത് പോലെ വന്യ ജീവി നിയമം ഭേദഗതി ചെയ്തു എന്ന് പറഞ്ഞ് മലയോര കർഷകരുടെ വോട്ട് തട്ടാനുള്ള ഗൂഢശ്രമം മാത്രമാണ് ബില്ലിന് പിന്നിൽ.
പത്രസമ്മേളനത്തിൽ ബി.ജെ.പി ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മലവയൽ, ജനറൽ സെക്രട്ടറിമാരായ എം.പി സുകുമാരൻ, ടി.എം സുബീഷ്, കർഷകമോർച്ച ജില്ലാ പ്രസിഡണ്ട് പ്രജീഷ് കെ എം ,മനോജ് വിനരേന്ദ്രൻ എന്നിവർ പങ്കെടത്തു.





