ന്യൂഡൽഹി: വിഭജനത്തിൻ്റെ ദുരിതങ്ങൾ നേരിട്ടവരുടെ ധൈര്യവും അതിജീവനശേഷിയും അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഭജന ഭീകരതാ അനുസ്മരണ ദിനത്തിൽ (Partition Horrors Remembrance Day) രാജ്യത്തെ ജനങ്ങളോട് ഐക്യവും സാഹോദര്യവും കൂടുതൽ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
വിഭജനം നിരവധി ജീവിതങ്ങളെ തകർത്ത ചരിത്രത്തിലെ വേദനാജനകമായ അധ്യായമായിരുന്നുവെന്ന് മോദി പറഞ്ഞു. നിരവധി കുടുംബങ്ങൾക്ക് അവരുടെ വീടും നാടും ഉപേക്ഷിക്കേണ്ടിവന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെടുകയും വലിയ ദുരിതങ്ങൾ അനുഭവിക്കേണ്ടിവരികയും ചെയ്തു.
എന്നാൽ ഈ പ്രതിസന്ധികളെ അതിജീവിച്ച് പലരും ഒന്നുമില്ലായ്മയിൽ നിന്ന് ജീവിതം പുനർനിർമിച്ചെന്നും പ്രതികൂല സാഹചര്യങ്ങളെ നേട്ടങ്ങളാക്കി മാറ്റി രാജ്യത്തിൻ്റെ പുരോഗതിയിൽ വലിയ സംഭാവനകൾ നൽകാൻ കഴിഞ്ഞെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അവരുടെ ജീവിതയാത്ര മനുഷ്യൻ്റെ അതിജീവനശേഷിയുടെ ശക്തിയാണ് ഓർമിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഐക്യവും സാഹോദര്യവും സംരക്ഷിക്കാനുള്ള പ്രതിജ്ഞ കൂടുതൽ ശക്തമാക്കാനും വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കാനും ഈ ദിനം പ്രചോദനമാകട്ടെയെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു.
ഭീകരതയുടെ ആ കാലഘട്ടത്തിൽ നിന്ന് അതിജീവിച്ച് രാജ്യത്തിൻ്റെ പുരോഗതിക്കായി വിലപ്പെട്ട സംഭാവനകൾ നൽകി ജീവൻ വെടിഞ്ഞവർക്ക് പ്രധാനമന്ത്രി ഹൃദയപൂർവം ആദരാഞ്ജലി അർപ്പിച്ചു. പ്രതികൂല സാഹചര്യങ്ങളിലും ധൈര്യവും കഴിവും ഉപയോഗിച്ച് ലക്ഷ്യങ്ങൾ കൈവരിക്കാനാകുമെന്ന് അവർ തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ദേശീയതലത്തിലുള്ള സൗഹാർദത്തിൻ്റെയും ഐക്യദാർഢ്യത്തിൻ്റെയും മനോഭാവം കൂടുതൽ ശക്തിപ്പെടുത്തണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച സന്ദേശത്തിൽ ഒരു സുഭാഷിതവും പ്രധാനമന്ത്രി പങ്കുവച്ചു. കഠിനാധ്വാനം, സംരംഭകത്വം, സമർപ്പിതമായ പരിശ്രമം എന്നിവയിലൂടെയാണ് കല, ശാസ്ത്രം, സാങ്കേതികവിദ്യ, കരകൗശലം, നൂതന ആശയങ്ങൾ തുടങ്ങിയ മേഖലകൾ വളരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അതുകൊണ്ട് ഭാഗ്യത്തെ മാത്രം ആശ്രയിക്കാതെ ധൈര്യത്തോടെയും അർപ്പണബോധത്തോടെയും നിരന്തര പരിശ്രമത്തിലൂടെയും ലക്ഷ്യങ്ങളിലേക്ക് മുന്നേറണമെന്നും മോദി വ്യക്തമാക്കി. മനുഷ്യൻ്റെ പരിശ്രമമാണ് വിധിയെ രൂപപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.





