ന്യൂഡൽഹി: ഇന്ത്യയുടെ ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ സി.പി. രാധാകൃഷ്ണൻ കെനിയൻ നാഷണൽ അസംബ്ലി സ്പീക്കർ മോസസ് എം. വെറ്റാംഗുലയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ സന്ദർശിക്കുന്ന കെനിയൻ പാർലമെൻ്ററി സംഘവും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ഇന്ത്യയും കെനിയയും തമ്മിലുള്ള ശക്തമായ പാർലമെൻ്ററി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. ഡിജിറ്റൽ സാങ്കേതികവിദ്യ, പേപ്പർലെസ് പാർലമെൻ്റ്, ഡിജി-ലോക്കർ പൈലറ്റ് പദ്ധതി, ഗതി ശക്തി പദ്ധതി തുടങ്ങിയ മേഖലകളിലെ സഹകരണവും ചർച്ചയായി.
കെനിയയുടെ ശേഷിവികസനത്തിനായി ഇന്ത്യ നൽകുന്ന സ്കോളർഷിപ്പുകളും പരിശീലനങ്ങളും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. 2028–29 കാലയളവിലെ യുഎൻ സുരക്ഷാ കൗൺസിൽ അംഗത്വത്തിനുള്ള ഇന്ത്യയുടെ സ്ഥാനാർഥിത്വത്തെ പിന്തുണച്ച കെനിയയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു. ഇന്ത്യയുടെ സ്ഥിരാംഗത്വത്തിനും കെനിയയുടെ പിന്തുണ അഭ്യർത്ഥിച്ചു.
ഇന്ത്യ–കെനിയ ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ സന്ദർശനം സഹായിക്കുമെന്ന് ഇരുപക്ഷവും പ്രതീക്ഷ പ്രകടിപ്പിച്ചു.





