ന്യൂഡൽഹി: 2024, 2025 വർഷങ്ങളിലെ സംഗീത നാടക അക്കാദമി ഫെലോഷിപ്പുകളും പുരസ്കാരങ്ങളും പ്രമുഖ കലാകാരന്മാർക്ക് രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിച്ചു. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിലായിരുന്നു പുരസ്കാര വിതരണം.
പുരസ്കാര ജേതാക്കൾ ഇന്ത്യയുടെ സമ്പന്നവും വൈവിധ്യമാർന്നതുമായ സാംസ്കാരിക പൈതൃകത്തെ പ്രതിനിധീകരിക്കുന്നവരാണെന്ന് രാഷ്ട്രപതി പറഞ്ഞു. വംശനാശ ഭീഷണി നേരിടുന്ന നിരവധി നാടൻ, ഗോത്ര കലാരൂപങ്ങളെ സംരക്ഷിക്കാൻ പ്രത്യേക ശ്രമങ്ങൾ ആവശ്യമാണെന്നും അവർ വ്യക്തമാക്കി.
കലാപാരമ്പര്യങ്ങൾ തലമുറകളിലേക്ക് കൈമാറുന്നതിൽ ഗുരു-ശിഷ്യ പാരമ്പര്യത്തിന് നിർണായക പങ്കുണ്ടെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. മുതിർന്ന കലാകാരന്മാർ പുതുതലമുറയെ പരിശീലിപ്പിക്കുന്നതിന് ക്രമബദ്ധമായ ശ്രമങ്ങൾ നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.
നാടൻ, ഗോത്ര കലാരൂപങ്ങൾ പ്രകൃതിയുമായുള്ള ഇന്ത്യയുടെ ആഴത്തിലുള്ള ബന്ധത്തെയും സമൂഹത്തിന്റെ കൂട്ടായ ഓർമകളെയും പ്രതിഫലിപ്പിക്കുന്നവയാണെന്ന് രാഷ്ട്രപതി പറഞ്ഞു. പുരസ്കാര ജേതാക്കളെ അഭിനന്ദിച്ച അവർ, ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിന്റെ സംരക്ഷകരാണ് കലാകാരന്മാരെന്നും ആഗോളതലത്തിൽ ഇന്ത്യയുടെ സാംസ്കാരിക ശക്തി വർധിപ്പിക്കുന്നതിൽ സംഗീത നാടക അക്കാദമി തുടർന്നും പ്രധാന പങ്കുവഹിക്കുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു.





