India Kerala News Politics

കോൺഗ്രസ് അതിക്രമത്തിനെതിരെ ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധം; ജനാധിപത്യത്തെ അക്രമംകൊണ്ട് നേരിടാമെന്ന് കോൺഗ്രസ് കരുതേണ്ട: ജസ്റ്റിൻ ജേക്കബ്

തൃശൂർ: ബിജെപി തിരുവനന്തപുരം സൗത്ത് ജില്ലാ അധ്യക്ഷൻ മൂക്കംപാലമൂട് ബിജുവിന് നേരെ നടന്ന കോൺഗ്രസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധയോഗവും നടത്തി. കോർപ്പറേഷൻ ഓഫീസിന് മുമ്പിൽ നടന്ന പ്രതിഷേധയോഗം ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് ഉദ്ഘാടനം ചെയ്തു.

രാഷ്ട്രീയ എതിരാളികളെ അക്രമത്തിലൂടെ നിശ്ശബ്ദരാക്കാമെന്ന കോൺഗ്രസിന്റെ സമീപനം ജനാധിപത്യത്തിന് ചേർന്നതല്ലെന്ന് ജസ്റ്റിൻ ജേക്കബ് ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളെ ജനാധിപത്യപരമായും സമാധാനപരമായും നേരിടുന്നതിന് പകരം അക്രമത്തിന്റെ പാത സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ല. ജനാധിപത്യത്തിൽ അക്രമത്തിനും രാഷ്ട്രീയ അസഹിഷ്ണുതയ്ക്കും സ്ഥാനമില്ലെന്നും ഇത്തരം അതിക്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ നടക്കുന്ന അക്രമങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയർത്തുമെന്നും രാഷ്ട്രീയ ഭീഷണികൾക്കും അക്രമങ്ങൾക്കും മുന്നിൽ ബിജെപി പ്രവർത്തകർ പിന്മാറില്ലെന്നും പ്രതിഷേധയോഗത്തിൽ നേതാക്കൾ വ്യക്തമാക്കി.

സിറ്റി ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ. ആർ. ഹരി, സുജയ് സേനൻ, മേഖല ജനറൽ സെക്രട്ടറി അഡ്വ. രവികുമാർ ഉപ്പത്ത് എന്നിവർ പ്രസംഗിച്ചു.

മണ്ഡലം പ്രസിഡന്റുമാരായ രഘുനാഥ് സി. മേനോൻ, വിപിൻ ഐനിക്കുന്നത്ത്, യുവമോർച്ച ജില്ലാ പ്രസിഡന്റ് മനു പള്ളത്ത്, മഹിളാമോർച്ച സെക്രട്ടറി സീന ശശി, ജില്ലാ വൈസ് പ്രസിഡന്റ് സബീഷ് മരതയൂർ, പ്രവീൺ, കൗൺസിലർമാരായ വിൻഷി അരുൺ, കൃഷ്ണമോഹൻ, അഡ്വ. രേഷ്മ മേനോൻ, ദിനേഷ്‌കുമാർ കരിപ്പേരിൽ, പ്രിയ അനിൽ, നിമേഷ് എന്നിവർ പ്രതിഷേധ പ്രകടനത്തിനും യോഗത്തിനും നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *