Kerala News

അവയവമാറ്റ ചികിത്സയിൽ ചരിത്രക്കുതിപ്പ്; കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൺ ട്രാൻസ്പ്ലാന്റേഷനു നാളെ ശിലാസ്ഥാപനം

കോഴിക്കോട്: രാജ്യത്തെ അവയവമാറ്റ ചികിത്സാ രംഗത്ത് നിർണായക മുന്നേറ്റത്തിന് വഴിയൊരുക്കി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൺ ട്രാൻസ്പ്ലാന്റേഷൻ യാഥാർത്ഥ്യമാകുന്നു. കോഴിക്കോട് ചേവായൂരിൽ നിർമിക്കുന്ന അത്യാധുനിക ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യഘട്ട ശിലാസ്ഥാപനം ശനിയാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചടങ്ങിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. അവയവ തകരാറുകൾക്കുള്ള ചികിത്സ, അവയവമാറ്റ ശസ്ത്രക്രിയ, ഗവേഷണം, പരിശീലനം എന്നിവ ലക്ഷ്യമിട്ട് പൊതുമേഖലയിൽ പൂർണ്ണ സ്വയംഭരണാധികാരത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനമായിരിക്കും ഇത്.

ചേവായൂരിലെ 20 ഏക്കർ സ്ഥലത്താണ് ഇൻസ്റ്റിറ്റ്യൂട്ട് ഉയരുന്നത്. പദ്ധതിയുടെ ആദ്യഘട്ട നിർമ്മാണത്തിനായി 299 കോടി രൂപയും അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾക്കായി 99 കോടി രൂപയുമാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള കെട്ടിട രൂപകൽപ്പനയ്ക്കായി സിംഗപ്പൂർ, യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളിലെ വിദഗ്ധരുടെ അഭിപ്രായങ്ങൾ തേടിയിട്ടുണ്ട്. രാജ്യത്ത് ആദ്യമായി ആരംഭിക്കുന്നവ ഉൾപ്പെടെ 31 അക്കാദമിക് കോഴ്സുകൾ ഇൻസ്റ്റിറ്റ്യൂട്ടിൽ ലഭ്യമാകും. പദ്ധതി പൂർണ്ണസജ്ജമാകുന്നതോടെ അവയവമാറ്റ ചികിത്സാ രംഗത്ത് ഇന്ത്യയിൽ കേരളം മുൻനിരയിലെത്തുമെന്ന് വിലയിരുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *